ഗവർണറും സർക്കാരും രണ്ട്തട്ടിൽ, നയപ്രഖ്യാപനത്തിൽ ആകാംക്ഷ

Friday 03 January 2020 10:37 PM IST

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമ വിവാദത്തിൽ സംസ്ഥാനസർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നേർക്കുനേർ ഏറ്റുമുട്ടുന്ന പ്രതീതി ഉളവായതോടെ, നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിലെ നയപ്രഖ്യാപനം ആകാംക്ഷയുടെ മുൾമുനയിലായി.

പൗരത്വനിയമഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ തള്ളിപ്പറഞ്ഞ ഗവർണർ ഇന്നലെയും നിലപാട് ആവർത്തിച്ചപ്പോൾ, സി.പി.എമ്മിന്റെ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഗവർണറെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. ഗവർണറെ തള്ളിയ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും, സഭ കൈക്കൊണ്ട നിലപാടിനെ ന്യായീകരിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമടക്കം ഗവർണറെ തള്ളിയതോടെ, ഗവർണർ ഒരു വശത്തും സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷങ്ങൾ മറുവശത്തുമെന്ന അസാധാരണ രാഷ്ട്രീയസാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.

പുതു വർഷ സഭാസമ്മേളനം തുടങ്ങേണ്ടത് ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ്. ഈ മാസം 31ന്. പൗരത്വനിയമഭേദഗതിക്കെതിരെ സഭ പ്രമേയം പാസാക്കിയത് സംബന്ധിച്ച് സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ പരാമർശം ഇടം പിടിക്കുമെന്നുറപ്പാണ്. മന്ത്രിസഭ തയ്യാറാക്കുന്ന നയപ്രഖ്യാപനം ഗവർണർക്ക് അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. പൗരത്വവിഷയത്തിൽ വിയോജിപ്പുള്ള ഗവർണർ ഒന്നുകിൽ ഈ ഭാഗം ഒഴിവാക്കി തിരുത്തി നൽകാനാവശ്യപ്പെടുകയോ അല്ലെങ്കിൽ പ്രസംഗത്തിൽ ഈ ഭാഗം വിട്ടുകളയുകയോ ചെയ്യാനാണ് സാദ്ധ്യത. രണ്ടായാലും വിവാദമാകും.

അതിനെക്കാളുപരി, ഇപ്പോഴത്തെ രാഷ്ട്രീയകാലാവസ്ഥയിൽ ഗവർണർ സഭയിലെത്തിയാലുള്ള അംഗങ്ങളുടെ പ്രതികരണം ഏതുതരത്തിലാകുമെന്നതും ആകാംക്ഷയുണർത്തുന്നു. നയപ്രഖ്യാപനത്തിനായി ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും പാർലമെന്ററികാര്യമന്ത്രിയും ചേർന്ന് ആനയിക്കുകയാണ് ചെയ്യാറ്. സഭയിൽ ചിലപ്പോൾ ഗവർണറെ ചോദ്യം ചെയ്ത് അംഗങ്ങളെഴുന്നേൽക്കാം. പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം കനപ്പിക്കുമെന്നുറപ്പാണ്.

സഭയ്ക്ക് പ്രമേയം പാസാക്കാം

അതേസമയം, ഗവർണർ തള്ളിപ്പറഞ്ഞെങ്കിലും നിയമസഭയ്ക്ക് ചട്ടപ്രകാരം പ്രമേയങ്ങൾ പാസാക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. സഭ ചേരാൻ തീരുമാനിച്ചുകഴിഞ്ഞാൽ സഭയ്ക്കകത്ത് നടക്കേണ്ട കാര്യങ്ങൾ സ്പീക്കറുടെ അധികാരപരിധിയിലാണ്. അതുകൊണ്ടുതന്നെ ഗവർണറുടെ പരാമർശത്തിന് പ്രസക്തിയില്ലെന്നാണ് വിലയിരുത്തൽ. പൗരത്വഭേദഗതിനിയമം പിൻവലിക്കണമെന്ന് പ്രമേയത്തിലൂടെ കേന്ദ്രത്തോട് അഭ്യർത്ഥിക്കുക മാത്രമാണ് നിയമസഭ ചെയ്തിട്ടുള്ളത്. മുമ്പും ഇത്തരത്തിൽ പ്രമേയങ്ങളിലൂടെ പലതും കേന്ദ്രത്തോട് സംസ്ഥാനനിയമസഭ അഭ്യർത്ഥിച്ചിട്ടുണ്ട്.

 മുമ്പ് രാജസ്ഥാനിൽ

നയപ്രഖ്യാപനവേളയിൽ രാജസ്ഥാൻ സഭയ്ക്കകത്തേക്ക് കടന്നുവരവേ ഗവർണറായിരുന്ന സമ്പൂർണാനന്ദയെ അറുപതുകളിൽ ഏതാനും സാമാജികർ ചേർന്ന് തടഞ്ഞ സംഭവമുണ്ടായിട്ടുണ്ട്. അന്ന് ആ അംഗങ്ങളെ ഉടനടി സസ്‌പെൻഡ് ചെയ്യാൻ ഗവർണർ നിർദ്ദേശിച്ചു. ഗവർണറുടെ അന്നത്തെ നടപടി കോടതിയും ശരിവച്ചതാണ് ചരിത്രം.