യൂണിവേഴ്സിറ്രി മീറ്ര്: പൊന്നണിയാത്ത മോഹങ്ങൾ
മൂഡബിദ്രി : വനിതകളുടെ ലോംഗ് ജമ്പിൽ മദ്രാസ് യൂണിവേഴ്സിറ്രി താരം ഷെറിൻ അബ്ദുൾ ഗഫൂർ മിന്നിത്തിളങ്ങിയ ആൾ ഇന്ത്യ അന്തർസർവകലാശാല മീറ്രിൽ രണ്ടാം ദിനം കേരളത്തിൽ നിന്നുള്ള താരങ്ങളുടെ മോഹങ്ങൾ പൊന്നണിഞ്ഞില്ല. കർണാടകയിലെ മൂഡബിദ്രിയിൽ നടക്കുന്ന മീറ്റിൽ ഇന്നലെഎം.ജി യൂണിവേഴ്സിറ്രി താരങ്ങളായ ഓംകാർ നാഥും പി.ആർ അലീഷയും വെങ്കലം നേടി. 11 ഫൈനലുകളാണ് ഇന്നലെ നടന്നത്. മലയാളി താരം മയൂഖ ജോണിയുടെ 11വർഷം പഴക്കമുള്ള റെക്കാഡാണ് ഷെറിൻ പഴങ്കഥയാക്കിയത്. 2008ൽ കണ്ണൂർ യൂണിവേഴ്സിറ്റി താരമായിരുന്ന മയൂഖ കുറിച്ച 6.28 മീറ്ററിന്റെ റെക്കാഡാണ് 6.32 മീറ്റർ ചാടി ചെന്നൈ എം.ഒ.പി വൈഷ്ണവ് കോളജ് താരമായ ഷെറിൻ തിരുത്തിയത്. നാലാമത്തെ ശ്രമത്തിലാണ് ഷെറിൻ റെക്കാഡിലേക്ക് ചാടിയെത്തിയത്.ദേശീയ തലത്തിൽ ഷെറിന്റെ രണ്ടാം സ്വർണമാണിത്. കഴിഞ്ഞ വർഷം ഖേലോ ഇന്ത്യ മീറ്രിലും ഷെറിൻ സ്വർണം നേടിയിരുന്നു. ഈ ഇനത്തിൽ മംഗളൂരു യൂണിവേഴ്സിറ്റിയുടെ ബി.ഐശ്വര്യ (6.25) വെള്ളിയും സാമ്പൽപൂർ വാഴ്സിറ്റിയുടെ മനീഷ മേരേൽ (6.20) വെങ്കലവും നേടി. എംജിയുടെ അനുപമ ബിജു അഞ്ചാമതായി (6.01). ഇന്നലെ പിറന്ന മറ്രൊരു റെക്കാഡ് പരുഷൻമാരുടെ 20 കിലോമീറ്രർ നടത്തത്തിൽ മൂഡബിദ്രി അൽവാസ് കോളേജിലെ കെ.ടി ജുനൈദ് തന്റെ പേരിലെഴുതിച്ചേർത്തു. ഒരു മണിക്കൂർ 26.39 മിനിട്ടിൽ ഫിനിഷ് ചെയ്ത ഹരിയാന സ്വദേശിയായ ജുനൈദ് 2013ൽ റായ്പൂർ യൂണിവേഴ്സിറ്റിയുടെ ബി.കുമാറിന്റെ (1:29:08) പേരിലുണ്ടായിരുന്ന റെക്കാഡാണ് തിരുത്തിയത്. ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് ജുനൈദ്.
മംഗളൂരു സർവകലാശാലയുടെ തന്നെ നവീൻ (1:26.53) വെള്ളിയും ഡൽഹി സർവകലാശാലയിലെ രാഹുൽ (1:28.12) വെങ്കലവും നേടി. റോത്തക് മഹർഷി ദയാനന്ദ് സർവകലാശലയുടെ ഹർദീപ് (1:29.04) നാലാം സ്ഥാനം നേടി. ഇവരും നിലവിലെ റെക്കാഡ് മറികടന്ന പ്രകടനത്തോടെയാണ് ഫിനിഷ് ചെയ്തത്. പുരുഷൻമാരുടെ നൂറ് മീറ്ററിൽ 10.65 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് കോതമംഗലം എം.എ കോളേജിലെ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിയായ ഓംകാർനാഥ് വെങ്കലം നേടിയത്. വനിതകളുടെ 800 മീറ്ററിൽ ചങ്ങനാശേരി അസംപ്ഷൻ കോളജിന്റെ പി.ആർ അലീഷ കരിയറിലെ മികച്ച സമയമായ 2 മിനിട്ട് 08 സെക്കൻഡിൽ ഓടിയെത്തിയാണ് വെങ്കലം നേടിയത്. മലപ്പുറം വെറ്റിലപ്പാറ സ്വദേശിനിയായ അലീഷക്ക് 1500 മീറ്ററിലും 4-400 റിലേയിലും ഇനി ഇവിടെ മത്സരമുണ്ട്. 100 മീറ്ററിൽ ഒന്നാമത് ഫിനിഷ് ചെയ്ത് ഗുണ്ടൂർ ആചാര്യ നാഗാർജുന സർവകലാശാലയിലെ കെ.നരേഷ് കുമാറും, വൈ.ജ്യോതിയും വേഗമേറിയ താരങ്ങളായി. പുരുഷ വിഭാഗത്തിൽ നരേഷ് 10.57 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ വനിത വിഭാഗത്തിൽ 11.64 സെക്കൻഡിലാണ് ജ്യോതിയുടെ സുവർണ ഫിനിഷ്.