ട്രംപിന്റെ ചോരക്കളി: ഇറാൻ ചാരത്തലവനെ വധിച്ചു, പശ്ചിമേഷ്യയിൽ യുദ്ധഭീതി

Saturday 04 January 2020 12:20 AM IST

ബാഗ്ദാദ്:കടന്നുകയറി യുദ്ധം പ്രഖ്യാപിക്കുന്നതു പോലെ, ഇറാൻ സൈനിക കമാൻഡറും ജെയിംസ് ബോണ്ടിനെ പോലെ ജനപ്രിയ പരിവേഷമുള്ള ചാരത്തലവനുമായ ജനറൽ ഖാസിം സുലൈമാനിയെ (62) അമേരിക്ക മിസൈൽ ആക്രമണത്തിൽ വധിച്ചു.

പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാക്കിക്കൊണ്ട്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് പ്രകാരമായിരുന്നു ആക്രമണം. റഷ്യയും ചൈനയും നടപടിയെ അപലപിച്ചു.

സുലൈമാനിയെ വധിച്ചതിന് വിനാശകരമായ പ്രതികാരവും ജിഹാദും ഉണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേനി അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി. ഇറാനിലെ രണ്ടാമത്തെ അധികാരകേന്ദ്രമായിരുന്നു സുലൈമാനി.

ഇറാൻ സൈന്യമായ റവലൂഷണറി ഗാർഡിൽ മേജർ ജനറലായ സുലൈമാനി വിദേശത്തെ രഹസ്യ ദൗത്യങ്ങൾക്കുള്ള ചാരവിഭാഗമായ ഖുദ്സ് സേനയുടെ അധിപനുമായിരുന്നു.

രാജ്യം വീരപുത്രനായി നെഞ്ചിലേറ്റിയ സുലൈമാനിയുടെ വധത്തിൽ ദുഃഖാർത്തരായി ഇറാൻ ജനത തെരുവിൽ ഇറങ്ങി.രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണവും ഖമനേനി പ്രഖ്യാപിച്ചു. സുലൈമാനിയുടെ വധത്തോടെ അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവും. പശ്ചിമേഷ്യ കൂടുതൽ കലുഷമാകും. ഇറാക്ക് വിടാൻ അമേരിക്ക സ്വന്തം പൗരന്മാർക്ക് നിർദ്ദേശം നൽകി.

ബാഗ്ദാദിലെ യു.എസ് എംബസി കഴിഞ്ഞയാഴ്‌ച ജനക്കൂട്ടം ആക്രമിച്ചിരുന്നു. എംബസി ആക്രമണം സുലൈമാനിയുടെ അറിവോടെയാണെന്നും ആരോപിച്ച അമേരിക്ക സൊലൈമാനിയെ തന്നെ വധിച്ചുകൊണ്ട് തിരിച്ചടിച്ചിരിക്കുകയാണ്.

ആക്രമണം ഇങ്ങനെ ബാഗ്ദാദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്‌ച പുലർച്ചെയായിരുന്നു ആക്രമണം. ജനറൽ സുലൈമാനിയും ജനകീയ സേനകളുടെ കമാൻഡർമാരും രണ്ട് കാറുകളിൽ പുറത്തേക്ക് വരുമ്പോൾ അമേരിക്കയുടെ എം. ക്യൂ - റീപ്പർ ആളില്ലാ വിമാനം നാല് മിസൈലുകൾ പ്രയോഗിക്കുകയായിരുന്നു. കാറുകൾ തകർന്ന് കത്തിയെരിഞ്ഞു. മൃതദേഹങ്ങൾ ഛിന്നഭിന്നമായി. ചുവന്ന രത്ന മോതിരത്തിൽ നിന്നാണ് സുലൈമാനിയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ഇറാൻ പിന്തുണയുള്ള പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സ് എന്ന ഇറാക്കി ജനകീയ സേനകളുടെ തലവൻ അബു മഹ്‌ദി അൽ - മുഹന്ദിസ് ഉൾപ്പെടെ മറ്റ് അഞ്ച് പേരും കൊല്ലപ്പെട്ടു.

പ്രതികാരം ചെയ്യും: ഖമനേനി

ടെഹ്‌റാൻ: സുലൈമാനിയെ കൊലപ്പെടുത്തിയ അമേരിക്കയ്‌ക്കെതിരെ കടുത്ത പ്രതികാര നടപടിയും വിശുദ്ധ യുദ്ധവും ഉണ്ടാകും.രക്തസാക്ഷിത്വം വരിച്ചവർ അന്താരാഷ്ട്ര ചെറുത്ത് നിൽപ്പിന്റെ പ്രതീകമാണ്. അവരുടെ രക്തത്തിന് പ്രതികാരം ചെയ്യും.