മരട് ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുമ്പ് മോക് ഡ്രിൽ നടത്തും,​ സ്‌ഫോടന സമയത്ത് നിരോധനാജ്ഞ,​ ഗതാഗത നിയന്ത്രണം

Saturday 04 January 2020 9:31 PM IST

കൊച്ചി : മരടിൽ ഫ്ളാറ്റുകൾ പൊളിക്കുന്നതിന് മുമ്പ് മോക്ഡ്രിൽ നടത്താൻ തീരുമാനം. സ്ഫോടന സമയത്ത് ഫ്ളാറ്റിന്റെ 200 മീറ്റർ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാനും ജില്ലാകളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ശനിയാഴ്ച രാവിലെ 9 മുതലായിരിക്കും നിരോധനാജ്ഞ. വെള്ളിയാഴ്ചയാണ് മോക് ഡ്രിൽ നടത്തുന്നത്. ഫ്ളാറ്റ് പൊളിക്കുന്നത് കാണാൻ ജനങ്ങൾക്ക് പ്രത്യേക സ്ഥലത്തു അവസരമൊരുക്കാനും യോഗം തീരുമാനിച്ചു.

ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ 200 മീറ്റർ ചുറ്റളവിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കും. 2000 ആളുകളെ ഇപ്രകാരം ഒഴിപ്പിക്കേണ്ടി വരും. കിടപ്പുരോഗികളെ മാറ്റുന്നതിന് മെഡിക്കൽ സംഘത്തിന്റെ സഹായം സ്വീകരിക്കും. പ്രദേശത്ത് ആവശ്യമായ വൈദ്യസഹായം ഉറപ്പുവരുത്താനും നിർദേശമുണ്ട്. ഫ്ളാറ്റുകൾ പൊളിക്കുന്നതിന് അരമണിക്കൂർ മുമ്പ് വാഹനഗതാഗതം നിയന്ത്രിക്കും. ഫ്ലാറ്റുകൾ പൊളിക്കുന്ന സമയത്ത് ദേശീയപാതയിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

ഫ്ലാറ്റുകൾ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ പൊളിക്കാൻ സബ് കളക്ടറും കമ്മിഷണറും പങ്കെടുത്ത യോഗത്തിൽ ധാരണയായിരുന്നു. ഇതനുസരിച്ച് ഈ മാസം 11ന് എച്ച് ടു ഒ, ആൽഫ സെറിന്‍ എന്നിവയും 12ന് ജെയ്ൻ, ഗോൾഡൻ കായലോരം എന്നിവയും പൊളിക്കും.