കണ്ടക്ടറെ വിരട്ടിയ കെ.എസ്.ആർ.ടി.സി സൂപ്രണ്ട് മഹേശ്വരി അമ്മയ്ക്ക് സസ്‌പെൻഷൻ

Tuesday 07 January 2020 11:20 AM IST

തിരുവനന്തപുരം: സ്ഥിര ജീവനക്കാർക്കുള്ളള സൗജന്യ യാത്രാപാസ് പരിശോധനക്ക് ഹാജരാക്കാൻ വിസമ്മതിച്ച കെ.എസ്.ആർ.ടി.സി നെയ്യാറ്റാൻകര ഡിപ്പോയിലെ സീനിയർ സൂപ്രണ്ട് മഹേശ്വരി അമ്മയെ സസ്പെന്റ് ചെയ്തു. വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് ഡയറക്ടർ കെ.ബി. രവിയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. യാത്രാപാസുകൾ കണ്ടക്ടറെ കാണിച്ച് ബോദ്ധ്യപ്പെടുത്തണമെന്ന വിജിലൻസ് ഓഫീസറുടെ ഉത്തരവ് സൂപ്രണ്ട് ലംഘിച്ചതായും

സൂപ്രണ്ടിന്റെ പെരുമാറ്റം കണ്ടക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തുന്നതിന് തുല്യമാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കണ്ടക്ടർ മൊബൈലിൽ ചിത്രീകരിച്ച രംഗങ്ങളാണ് തെളിവായി മാറിയത്. പാസ് പരിശോധനക്ക് ആവശ്യപ്പെട്ട കണ്ടക്ടറോട് മഹേശ്വരി അമ്മ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.