ഞാൻ കൊടുത്ത വിശദീകരണം എല്ലാവർക്കും മനസിലായിട്ടുണ്ടെന്ന് കരുതുന്നു, ശോഭയാത്ര വിവാദത്തെ കുറിച്ച് അനുശ്രീ
ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങളിൽ ഭാരതാംബയായി എത്തിയതിന് നടി അനുശ്രീ കേട്ട വിമർശനങ്ങൾ ചെറുതൊന്നുമല്ല. പിന്നിൽ ഒരു രാഷ്‌ട്രീയവുമില്ലെന്ന് താരം അന്നുതന്നെ വ്യക്തമാക്കിയിരുന്നെങ്കിലും വിമർശകർക്ക് അതൊന്നും സ്വീകാര്യമായിരുന്നില്ല. അനുശ്രീ ബി.ജെ.പിയിൽ ചേർന്നെന്നും, ആരാധകരെ നിരാശരാക്കിയെന്നുമൊക്കെയായിരുന്നു സോഷ്യൽ മീഡിയയിലടക്കമുള്ള പ്രചരണങ്ങൾ.
അത്തരം വിമർശനങ്ങളെയും പ്രചരണങ്ങളെയും താൻ എങ്ങനെ നേരിട്ടുവെന്ന് പറയുകയാണ് അനുശ്രീ. കേരളകൗമുദി ആഴ്‌ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.
അനുശ്രീയുടെ വാക്കുകൾ-
'പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങൾ സ്വപ്‌നത്തിൽ പോലും വിചാരിക്കാത്ത അർത്ഥത്തിൽ വളച്ചൊടിക്കപ്പെടുമ്പോൾ സങ്കടം വരാറുണ്ടായിരുന്നു. അതെല്ലാം ആദ്യത്തെ കുറച്ചു നാളുകളിൽ മാത്രമാണ്. ഏതു പ്രശ്‌നമായാലും ആദ്യമായി നേരിടുമ്പോഴാണല്ലോ നമ്മളെ ഭയങ്കരമായി ഉലയ്‌ക്കുക. വീണ്ടും അങ്ങനെയൊരു വിവാദമുണ്ടാകുമ്പോൾ നേരിടാൻ പഠിച്ചിട്ടുണ്ടാകും. കുറച്ചുപേരെയെങ്കിലും അറിയുന്നവരെ എന്തെങ്കിലും പറയുമ്പോഴാണല്ലോ ആളുകൾക്ക് സന്തോഷം തോന്നുക. ഞാനതിന് വിശദീകരണം കൊടുത്തിരുന്നു. അതെല്ലാവർക്കും മനസിലായിട്ടുണ്ടാകും. ബാക്കി എന്താണെങ്കിലും അവർ പറഞ്ഞോട്ടെ എന്ന് വിചാരിക്കും'.