പ്രളയകാലത്തെ അരി സൗജന്യമല്ല, 206 കോടി ഉടൻ നൽകാൻ കേന്ദ്ര സർക്കാരിന്റെ കത്ത്

Tuesday 07 January 2020 4:32 PM IST

ന്യൂഡൽഹി: കേരളത്തിലെ പ്രളയബാധിത മേഖലകളിൽ വിതരണം ചെയ്യുന്നതിന് അനുവദിച്ച അരിയുടെ പണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) വഴി അനുവദിച്ച 89,540 മെട്രിക് ടൺ അരിയുടെ വിലയായി 205.81 കോടി രൂപ നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. പലതവണ ആവശ്യപ്പെട്ടിട്ടും പണം നൽകാൻ തയാറായില്ലെന്നും എത്രയും വേഗം പണം നൽകാൻ നടപടി സ്വീകരിക്കണമെന്നും എഫ്.സി.ഐ ജനറൽ മാനേജർ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനടക്കമുള്ള കാര്യങ്ങൾ കേരളത്തെ തടഞ്ഞ നടപടിക്ക് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം. കേന്ദ്രസഹായമായി ഒരു ലക്ഷം ടൺ അരിയാണ് സംസ്ഥാനം അന്ന് ആവശ്യപ്പെട്ടത്. എന്നാൽ അനുവദിച്ചത് 89,549 ടൺ. കേന്ദ്രസഹായമുള്ളതിനാൽ അരിവില ഉയരില്ലെന്ന നേട്ടവും സംസ്ഥാനം കണ്ടിരുന്നു. ഇതിനിടെയാണ് അരിവിലയും ഗതാഗതച്ചെലവും സംസ്ഥാന സർക്കാർ വഹിക്കണമെന്ന കേന്ദ്രഭക്ഷ്യവകുപ്പിന്റെ ഉത്തരവെത്തിയത്. രാജ്യത്തിനകത്തും പുറത്തുമെല്ലാം പുനർനിർമ്മാണത്തിന് പണം അഭ്യർത്ഥിക്കുന്ന സാഹചര്യത്തിലായിരുന്നു ഉത്തരവെത്തിയത്. കിലോയ്‌ക്ക് 25 രൂപ നിരക്കിലാണ് അരി നൽകിയത്. പണം പിന്നീട് നൽകണമെന്നാണ് വ്യവസ്ഥ. ഇല്ലെങ്കിൽ കേന്ദ്രസഹായത്തിൽ നിന്ന് തുക ഈടാക്കും. പ്രളയത്തിൽ കേന്ദ്ര സർക്കാർ 600 കോടിയാണ് സഹായധനമായി നൽകിയത്.

കഴിഞ്ഞവർഷം വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ഉണ്ടായ നാശനഷ്ടങ്ങൾക്കായി കേന്ദ്രം ഏഴ് സംസ്ഥാനങ്ങൾക്ക് 5,908 കോടി രൂപ അനുവദിച്ചെങ്കിലും കേരളത്തെ ഒഴിവാക്കുകയായിരുന്നു. ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം.