ഇതിനോളം വരുമോ മറ്റൊരു ആരാധന...

Wednesday 08 January 2020 9:28 PM IST
യേശുദാസ്, രാമചന്ദ്രൻ

കണ്ണൂർ: ഗാന ഗന്ധർവന്റെ ആയുരാരോഗ്യത്തിന് സംഗീതാർച്ചനയല്ലാതെ മറ്റൊരു കാണിക്കയില്ലെന്ന് ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉറപ്പിച്ചത് ഇരുപതാണ്ട് മുൻപ്.

യേശുദാസിനോട് അനുമതിയൊന്നും ചോദിച്ചില്ല. 2000ൽ അദ്ദേഹത്തിന്റെ ഷഷ്ടിപൂർത്തിക്ക് കൊല്ലൂർ മൂകാംബിക സന്നിധിയിൽ ആദ്യാർച്ചന. സപ്തതിയും കടന്ന് യേശുദാസ് എൺപതാം പിറന്നാളിലെത്തുന്നു. വാഗ്‌ദേവതയുടെ കടാക്ഷത്താൽ ഒരു കൊല്ലവും മുടങ്ങാതെ രാമചന്ദ്രന്റെ ആലാപനവും.

പത്താം തീയതിയാണ് എൺപതാം പിറന്നാൾ. അന്നു രാവിലെ തുടങ്ങുന്ന സംഗീത കച്ചേരി വൈകിട്ട് ആറു വരെ നീളും. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പ്രഗല്ഭ സംഗീതജ്ഞർ പങ്കെടുക്കും. ചെലവ് മുഴുവൻ രാമചന്ദ്രൻ നോക്കും. പതിവും അതാണ്.

എല്ലാ കൊല്ലവും പിറന്നാളിന് യേശുദാസ് മൂകാംബികയ്ക്ക് മുന്നിലെത്താറുണ്ട്. അറുപതാം പിറന്നാളിൽ എത്തിയപ്പോഴാണ് രാമചന്ദ്രന്റെ സംഗീതാർച്ചനയെ കുറിച്ച് അറിയുന്നത്. രാമചന്ദ്രന്റെ കീർത്തനം കേട്ട യേശുദാസ് അടുത്തെത്തി പുണർന്നു കൊണ്ട് പറഞ്ഞു 'ഇഷ്ടമായി, വളരെ..."

ഈ വാക്കുകളിലെ വാത്സല്യം, അതു പകർന്ന ഊർജം. അതു മാത്രം മതി രാമചന്ദ്രന് അ‌ർച്ചനയുമായി മുന്നോട്ടു പോകാൻ.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുവ സംഗീത പ്രതിഭകൾക്ക് പുരസ്കാരങ്ങളും ഈ വേദിയിൽ രാമചന്ദ്രൻ നൽകുന്നു.

***********

'ശബ്ദമുള്ളിടത്തോളം അർച്ചന തുടരണം. ത്യാഗരാജ സ്വാമികളുടെയും മുത്തുസ്വാമി ദീക്ഷിതരുടെയും കൃതികളാണ് പിറന്നാളിൽ പതിവായി ആലപിക്കാറുള്ളത്. ഇത്തവണ കുറച്ചു കൂടി വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നുണ്ട് ".

- കാഞ്ഞങ്ങാട് രാമചന്ദ്രൻ