മകന്റെ വിവാഹത്തിനായി വഴിപാടുകൾ നടത്താൻ കുടുംബക്ഷേത്രത്തിലേക്ക് പുറപ്പെട്ടു,​ യാത്രയ്‌ക്കിടെ വഴിതെറ്റി എത്തിയത് മരണത്തിലേക്ക്

Wednesday 08 January 2020 12:29 PM IST

തൃപ്പൂണിത്തുറ: വെെക്കത്ത് കാറിലേക്ക്‌ സ്വകാര്യബസ് ഇടിച്ചുകയറി ഒരു കുടുംബത്തിലെ നാലുപേർ മരിച്ചത് നാടിനെ നടുക്കിയ സംഭവമായിരുന്നു. ചേരുംചുവട് പാലത്തിന്റെ അപ്രോച്ച് റോഡിൽ വച്ചായിരുന്നു അപകടം നടന്നത്. അപകടസമയത്ത് കാറിലുണ്ടായിരുന്ന ഉദയംപേരൂർ പത്താംമൈൽ മനയ്ക്കൽപടിയിൽ വിശ്വനാഥൻ(63), ഭാര്യ ഗിരിജ(57), മകൻ സൂരജ്(32), വിശ്വനാഥന്റെ അനുജൻ സതീശന്റെ ഭാര്യ അജിത(49) എന്നിവരാണ് മരിച്ചത്. പ്രധാന റോഡിലേക്ക്‌ വന്ന കാറിൽ ബസ് ഇടിച്ചുകയറുകയായിരുന്നു. ബസിനടിയിൽപ്പെട്ട കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.

മകൻ സൂരജിന്റെ വിവാഹ കാര്യം ഒത്തുവന്നതോടെ കുടുംബക്ഷേത്രത്തിലേക്ക് വഴിപാട് നടത്താനായി പോവുകയായിരുന്ന ഉദയംപേരൂര്‍ മനയ്ക്കപ്പറമ്പില്‍ വിശ്വനാഥനും കുടുംബവും. പുലര്‍ച്ചെയാണ് കാറില്‍ യാത്ര പുറപ്പെട്ടത്. വിശ്വനാഥനും ഭാര്യ ഗിരിജയും മകന്‍ സൂരജും വിശ്വനാഥന്റെ സഹോദരന്‍ സതീശന്റെ ഭാര്യ അജിതയും ചേര്‍ന്ന് ചൊവ്വാഴ്ച പുലർച്ചെ ഉദയംപേരൂര്‍ പത്താം മൈലിലെ വീട്ടില്‍നിന്ന് കാറില്‍ പുറപ്പെട്ടത്. സൂരജായിരുന്നു കാർ ഓടിച്ചിരുന്നത്.

ക്ഷേത്രത്തിലേക്ക് പുറപ്പെട്ട കാർ യാത്രയ്ക്കിടെ കവലയിൽ വഴി തെറ്റുകയായിരുന്നു. വിശ്വനാഥനും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ചേർത്തലയ്ക്കു പോകാനായി വൈക്കം പുളിഞ്ചുവട് ജംഗ്ഷനിലാണ് തിരിഞ്ഞത്. സൂരജ് ജംഗ്ഷനു മുമ്പ് നിറുത്തി വഴി ചോദിക്കുകയും ചെയ്തു. തുടർന്നാണ് ചേരുംചുവട് പാലത്തിലേക്കു കയറിയത്. പാലം കയറി ചേർത്തല ഭാഗത്തേക്കു തിരിയേണ്ടതിനു പകരം കാർ നേരെ ചെമ്മനത്തുകര റോഡിലേക്കാണു നീങ്ങിയത്. അങ്ങനെ നാലു വഴികൾ വന്നു ചേരുന്ന കവലയ്ക്കു നടുവിലേക്ക് കാറെത്തി. ചേർത്തല ഭാഗത്തു നിന്നു വന്ന ബസ് കാറിൽ ഇടിച്ചു കയറി. ജംഗ്ഷൻ ആയിരുന്നിട്ടും ബസ് വേഗം കുറയ്ക്കാതെ പാഞ്ഞെത്തുകയായിരുന്നു. ബസിലെ സ്ഥിരം ഡ്രൈവറിനു പകരം ഇന്നലെ പുതിയ ഡ്രൈവറാണ് ഓടിച്ചതെന്നും പറയുന്നു.