മ​ക​ര​വി​ള​ക്കി​ന് ദി​വ​സ​ങ്ങൾ മാ​ത്രം, ശബരിമലയിൽ നി​ലയ്​ക്കാ​ത്ത തീർ​ത്ഥാ​ട​ക പ്ര​വാ​ഹം

Thursday 09 January 2020 4:17 PM IST

ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്ക് ഉത്സ​വ​ത്തി​ന് ദി​വ​സ​ങ്ങൾ മാ​ത്രം ​ശേ​ഷി​ക്കെ സ​ന്നി​ധാ​ന​ത്തേ​ക്ക് തീർ​ത്ഥാ​ട​ക പ്ര​വാ​ഹം വർ​ദ്ധി​ച്ചു. ഇ​ന്ന​ലെ ദേശീയപണിമുടക്കായിരുന്നെ​ങ്കി​ലും തീർ​ത്ഥാ​ട​ക​രു​ടെ വ​ര​വി​നെ ഇ​ത് ബാ​ധി​ച്ചി​ല്ല. പു​ലർ​ച്ചെ മു​തൽ ത​ന്നെ തീർ​ത്ഥാ​ട​ക​രു​ടെ നീ​ണ്ട നി​ര തി​രു​മു​റ്റ​വും ന​ടപ്പ​ന്ത​ലും ശ​രം​കു​ത്തി​യും പി​ന്നി​ട്ട് മ​ര​ക്കൂ​ട്ട​ത്തേ​ക്ക് നീ​ണ്ടു.

ഇ​തോ​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാൻ പൊ​ലീ​സ് ന​ന്നേ പ​ണി​പ്പെ​ട്ടു. മ​ണി​ക്കൂ​റു​കൾ ക്യൂ​വിൽ നി​ന്ന ശേ​ഷ​മാ​ണ് തീർ​ത്ഥാ​ട​കർ​ക്ക് അയ്യപ്പദർ​ശ​നം സാദ്ധ്യ​മാ​യ​ത്. മ​ണ്ഡ​ല​കാ​ല​ത്ത് അ​വ​സാ​ന ദി​വ​സ​ങ്ങ​ളിൽ സം​ഭ​വി​ച്ച പാ​ളി​ച്ച​കൾ ആ​വർ​ത്തി​ച്ചാൽ മ​ക​ര​വി​ള​ക്ക് ദി​ന​ത്തി​ല​ട​ക്കം കാ​ര്യ​ങ്ങൾ കൈ​വി​ട്ടുപോ​കു​ന്ന​തി​ന് ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക ഇ​തിനകം ശ​ക്ത​മാ​യി​ട്ടു​ണ്ട്. സ​ന്നി​ധാ​ന​ത്തേ​ക്ക് പ്ര​തി​ദി​ന​മെ​ത്തു​ന്ന ഒ​രു ല​ക്ഷ​ത്തി​ല​ധി​കം തീർ​ത്ഥാ​ട​ക​രിൽ എൺ​പ​തി​നാ​യി​ര​ത്തിൽ താ​ഴെ മാ​ത്ര​മാ​ണ് ദർ​ശ​നം പൂർ​ത്തി​യാ​ക്കി മ​ല​യി​റ​ങ്ങു​ന്ന​തെ​ന്നാ​ണ് പൊ​ലീ​സി​ന്റെ ക​ണ​ക്ക്.

ഭ​ക്ത​ജ​ന​ത്തി​ര​ക്കി​ന്റെ പേ​രിൽ പ​മ്പ മു​ത​ലു​ള്ള ശ​ര​ണപാ​ത​ക​ളിൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് പൊ​ലീ​സ് ഓ​രോ ദി​വ​സ​വും ഏർ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര​ണ​ങ്ങൾ കൊ​ണ്ടു ത​ന്നെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് തീർ​ത്ഥാ​ട​കർ നി​ല​യ്​ക്കൽ അ​ട​ക്ക​മു​ള്ള ഇ​ട​ത്താ​വ​ള​ങ്ങ​ളിൽ ദർ​ശ​നം കാ​ത്ത് ദി​വ​സ​ങ്ങ​ളാ​യി വി​രിവ​ച്ച് കി​ട​ക്കു​ന്നു​​ണ്ട്. കൂ​ടാ​തെ വ​രും ദി​വ​സ​ങ്ങ​ളിൽ സ​ന്നി​ധാ​ന​ത്തെ​ത്തു​ന്ന ഇ​ത​ര സം​സ്ഥാ​ന തീർ​ത്ഥാ​ട​ക​രിൽ ഏ​റി​യ പ​ങ്കും മ​ക​ര​വി​ള​ക്ക് ദർ​ശ​ന​ത്തി​നാ​യി ശ​ബ​രി​മ​ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ത​മ്പ​ടി​ക്കും. ഇ​തും വ​രും ദി​വ​സ​ങ്ങ​ളിൽ സ​ന്നി​ധാ​ന​ത്ത​ട​ക്കം വ​ലി​യ തോ​തി​ലു​ള്ള തി​ക്കി​നും തി​ര​ക്കി​നും കാ​ര​ണ​മാ​കും.
നി​ല​വിൽ മ​ര​ക്കൂ​ട്ടം മു​തൽ ന​ട​പ്പ​ന്തൽ വ​രെ​യു​ള്ള ദൂ​രം താ​ണ്ടാൻ അ​ഞ്ച് മ​ണി​ക്കൂ​റി​ലേ​റെ ക്യൂ നിൽ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ന​ട​പ്പ​ന്ത​ലിൽ എ​ത്തു​ന്ന തീർ​ത്ഥാ​ട​കർ​ക്ക് ദർ​ശ​നം സാ​ദ്ധ്യ​മാ​ക​ണ​മെ​ങ്കിൽ പി​ന്നെ​യും മ​ണി​ക്കൂ​റു​കൾ കാ​ത്തു നിൽ​ക്ക​ണം. ക്യൂ​വിൽ അ​ക​പ്പെ​ട്ട് വാ​വി​ട്ട് ക​ര​യു​ന്ന കൊ​ച്ച​യ്യ​പ്പ​ന്മാ​രും കു​ഞ്ഞു മാ​ളി​ക​പ്പു​റ​ങ്ങ​ളും പ​തി​വ് കാ​ഴ്​ച​യാ​യി മാ​റി. സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്ന തീർ​ത്ഥാ​ട​കർ​ക്ക് സു​ഖ​ദർ​ശ​നം നൽ​കി പ​മ്പ​യി​ലേ​ക്ക് മ​ട​ക്കി അ​യയ്​ക്കു​ന്ന​തിൽ സം​ഭ​വി​ക്കു​ന്ന വീ​ഴ്​ച​യാ​ണ് തി​രക്ക് വർ​ദ്ധി​ക്കു​ന്ന​തി​ന്ന് പ്ര​ധാ​ന കാ​ര​ണം.

പ​തി​നെ​ട്ടാം പ​ടി​യിൽ ജോ​ലി ചെ​യ്യു​ന്ന പൊ​ലീ​സു​കാ​രു​ടെ പ​രി​ച​യ​ക്കു​റ​വ് തി​ര​ക്ക് വർ​ദ്ധി​ക്കാൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്. 55 മു​തൽ 65 വ​രെ തീർ​ത്ഥാ​ട​കരാണ് നി​ല​വി​ൽ ഓ​രോ മി​നി​ട്ടി​ലും പ​ടി ച​വി​ട്ടു​ന്ന​ത്. പ​രി​ച​യ സ​മ്പ​ന്ന​രാ​യ പൊ​ലീ​സു​കാർ പ​ടി ഡ്യൂ​ട്ടി ചെ​യ്​തി​രു​ന്ന സമയത്ത് തി​ര​ക്കേ​റു​ന്ന വേ​ള​ക​ളിൽ 90 മു​തൽ 105 വ​രെ തീർ​ത്ഥാ​ട​കരെ ഓ​രോ മി​നി​ട്ടി​ലും പ​ടി ച​വി​ട്ടി​ച്ചി​രു​ന്നു. ഇ​തുകൊ​ണ്ടു ത​ന്നെ ശ​ര​ണ പാ​ത​യി​ലെ​യും വ​ലി​യ ന​ട​പ്പ​ന്ത​ലി​ലെ​യും തി​ക്കും തി​ര​ക്കും ഒ​രു പ​രി​ധി വ​രെ ഒ​ഴി​വാ​ക്കാൻ പൊ​ലീ​സി​ന് ക​ഴി​യു​ക​യും ചെ​യ്​തി​രു​ന്നു.

എ​ന്നാൽ, നി​ല​വി​ലെ സ്ഥി​തി വ്യ​ത്യ​സ്​ത​മാ​ണ്. പ​ല സ​മ​യ​ത്തും സോ​പാ​ന​ത്ത​ട​ക്കം തീർ​ത്ഥാ​ട​ക​രു​ടെ തി​ര​ക്ക് പൊ​ലീ​സി​ന് നി​യ​ന്ത്രി​ക്കാൻ ക​ഴി​യാ​ത്ത വി​ധം ഏ​റു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. വ​രു​ന്ന മൂ​ന്ന് നാ​ല് ദി​വസങ്ങൾ​ക്കു​ള്ളിൽ സ​ന്നി​ധാ​ന​വും ജ്യോ​തി ദർ​ശ​നം സാദ്ധ്യ​മാ​കു​ന്ന പാ​ണ്ടി​ത്താ​വ​ളം അ​ട​ക്ക​മു​ള്ള പൂ​ങ്കാ​വ​ന​ത്തി​ലും തീർ​ത്ഥാ​ട​ക​രെ​ക്കൊ​ണ്ട് നി​റ​യും.