ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ( ഡെക്ക് ) പൊലീസ് ഇങ്ങനെയായാൽ ഇവിടെ എങ്ങനെ ബിസിനസ് ചെയ്യും?
കൊച്ചി : കണ്ടെയ്‌നർ ലോറിയിൽ നിന്ന് ലോഡ് ഇറക്കാൻ സംരക്ഷണം നൽകണമെന്ന കോടതി ഉത്തരവ് പാലിക്കാത്ത പൊലീസ് സംസ്ഥാനത്തിന് നാണക്കേടാണെന്നും ഇവിടെ എങ്ങനെ ആളുകൾ ബിസിനസ് ചെയ്യുമെന്നും ഹൈക്കോടതിയുടെ രൂക്ഷവിമർശനം.
കൊച്ചിയിൽ മുഖ്യമന്ത്രി ആഗോള നിക്ഷേപകസംഗമം ഉദ്ഘാടനം ചെയ്ത ഇന്നലെ തന്നെയാണ് സിംഗിൾബെഞ്ച് വിമർശനം ഉന്നയിച്ചത്.
ഇവിടെ എങ്ങനെയാണ് ബിസിനസ് ചെയ്യുക ? എങ്ങനെ തൊഴിൽ ലഭ്യമാക്കും ? ഇതാണോ ബിസിനസ് സൗഹൃദമായ സാഹചര്യം ? - ഹൈക്കോടതി വാക്കാൽ ചോദിച്ചു.
തൊടുപുഴയിലെ കൊച്ചിൻ ഗ്രാനൈറ്റ്സിൽ നിന്ന് കുമളി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് കൊണ്ടുവന്ന ടൈലുകൾ ഇറക്കുന്നത് സി.ഐ.ടി.യുക്കാർ തടഞ്ഞതിനെത്തുടർന്ന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി രണ്ട് തവണ ഉത്തരവിട്ടിരുന്നു. പൊലീസ് അതു പാലിച്ചില്ലെന്നാരോപിച്ച് ഹർജിക്കാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സിംഗിൾബെഞ്ച് സർക്കാരിനും പൊലീസിനുമെതിരെ വിമർശനം ഉന്നയിച്ചത്.
ഇന്നലെ നേരിട്ട് ഹാജരായ സി.ഐ വി.കെ. ജയപ്രകാശിനോട് എന്തുകൊണ്ടാണ് സംരക്ഷണം നൽകാത്തതെന്ന് കോടതി ചോദിച്ചു. ക്രമസമാധാന പ്രശ്നമുണ്ടാകുമായിരുന്നു എന്നായിരുന്നു മറുപടി. ക്രമസമാധാന പ്രശ്നം നേരിടേണ്ടത് പൊലീസിന്റെ ചുമതലയാണ്. കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാൻ കാരണമായി അതു പറയേണ്ട. ഇവിടെ നടക്കുന്നതെല്ലാം കോടതി കാണുന്നുണ്ട്. മുത്തൂറ്റ് കേസിൽ പൊലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവ് പൊലീസ് നടപ്പാക്കിയത് കഴിഞ്ഞദിവസം കൺമുന്നിൽ കണ്ടതാണ്. ഇതു വെറുതേ വിടാനാവില്ല. അടുത്തദിവസം കേസ് പരിഗണിക്കുമ്പോൾ സ്വീകരിച്ച നടപടി സി.ഐ നേരിട്ട് ഹാജരായി വിശദീകരിക്കണം. - സിംഗിൾ ബെഞ്ച് വാക്കാൽ പറഞ്ഞു. തുടർന്ന് ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി.
കേസ് ഇങ്ങനെ
ഡിസംബർ ഏഴിനാണ് കുമളി സ്കൂളിലേക്ക് കണ്ടെയ്‌നറിൽ ടൈലുകൾ എത്തിച്ചത്. കൊച്ചിൻ ഗ്രാനൈറ്റ്സ് തങ്ങളുടെ തൊഴിലാളികളെ ഉപയോഗിച്ച് 75 ശതമാനം ലോഡും ഇറക്കിയപ്പോൾ നാല് സി.ഐ.ടി.യുക്കാർ തടഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. തുടർന്ന് കൊച്ചിൻ ഗ്രാനൈറ്റ്സ് ഉടമ തെരേസ ജോൺ ഹൈക്കോടതിയിലെത്തി. ഇടുക്കി എസ്.പിയോടും കുമളി സി.ഐയോടും ലോഡ് ഇറക്കാൻ സംരക്ഷണം നൽകാൻ ഹൈക്കോടതി ഡിസംബർ 12 ന് നിർദ്ദേശിച്ചു. സി.ഐ.ടി.യുക്കാർ വീണ്ടും തടഞ്ഞെങ്കിലും പൊലീസ് സംരക്ഷണം നൽകിയില്ല. ഹർജിക്കാർ വീണ്ടും ഹൈക്കോടതിയിലെത്തിയപ്പോൾ പൊലീസ് സംരക്ഷണം നൽകണമെന്ന് പിന്നെയും നിർദ്ദേശിച്ചു. രണ്ട് ഉത്തരവുകളും പാലിച്ചില്ല. ഒരുമാസമായി സ്കൂളിൽ കിടക്കുന്ന കണ്ടെയ്‌നർ ലോറിയുടെ ടയറുകളും യൂണിയൻകാർ നശിപ്പിച്ചു. തുടർന്നാണ് ഹർജിക്കാർ കോടതിയലക്ഷ്യ ഹർജി നൽകിയത്.