'സീനിയർ നടന്മാരായിട്ടുള്ള മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ് വരെയുള്ളവർക്കാണ് ഈ പ്രശ്‌നം. ബാക്കിയെല്ലാം അവരുടെ ആളുകളാണ്':മനസു തുറന്ന് സിദ്ദിഖ്

Friday 10 January 2020 12:46 PM IST

ഗോഡ്ഫാദർ എന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്. തിയേറ്ററിൽ ഏറ്റവും അധികം ദിവസം പ്രദർശിപ്പിക്കപ്പെട്ട സിനിമയെന്ന ഗോഡ്‌ഫാദറിന്റെ റെക്കോർഡ് മറികടക്കാൻ ഇതുവരെയ്‌ക്കും മറ്റൊരു മലയാള സിനിമയ്‌ക്ക് കഴിഞ്ഞിട്ടില്ല. സിദ്ദിഖ് ലാലുമാരുടെ സിനിമയ്‌ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം എന്ന് പ്രേക്ഷകർ വിധി എഴുതിയ ചിത്രം. പിന്നെയും പലതവണ ഹിറ്റുകൾ ഒരുക്കിയ ആ വിജയ ജോഡികളുടെ സിനിമയിലെ തുടർന്നുള്ള സഞ്ചാരം രണ്ട് വഴികളിലൂടെയായി. ലാൽ മികച്ച നടനായപ്പോൾ സിദ്ദിഖ് സംവിധായകന്റെ കുപ്പായമഴിച്ചില്ല. ഹിറ്റ്‌ലർ, ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ, ബോഡിഗാർഡ് തുടങ്ങി ഇപ്പോഴിതാ മോഹൻലാലിന്റെ ബിഗ് ബ്രദറിൽ എത്തി നിൽക്കുകയാണത്.

സൂപ്പർതാര ചിത്രവുമായി വീണ്ടും എത്തുമ്പോൾ, മലയാള സിനിമയിൽ എന്നോ തുടങ്ങി ഇന്ന് കൂടുതൽ ശക്തമായി നിലകൊള്ളുന്ന ഡീഗ്രേഡിംഗിനെ കുറിച്ച് വ്യക്തമാക്കുകയാണ് അദ്ദേഹം. കേരളകൗമുദി ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സിദ്ദിഖ് മനസു തുറന്നത്. എന്തെങ്കിലും ചെറിയ മിസ്‌റ്റേക്ക് വന്നാൽ പോലും അതിനെ പർവതീകരിച്ച് അതാണ് സിനിമ എന്ന തരത്തിൽ വ്യാജപ്രചരണങ്ങൾ നടത്തുന്നത് ഇന്ന് പതിവായിരിക്കുന്നുവെന്ന് സിദ്ദിഖ് പറയുന്നു.

അഭിമുഖത്തിൽ നിന്ന്-

'സക്‌സസിനെ പെട്ടെന്ന് സ്വീകരിക്കാൻ മലയാളികൾക്ക് പൊതുവെ മടിയാണ്. അതുപോലെ തന്നെ എന്തെങ്കിലും ഒന്ന് പുതുതായിട്ട് വന്നാലും അതിനെ ആദ്യം സ്വാഗതം ചെയ്യുന്നത് മലയാളിയായിരുക്കും. റാംജി റാവ് സ്പീക്കിംഗിനെയും ഹരിഹർനഗറിനെയും വലിയ ഹിറ്റാക്കിയത് കോളേജ് സ്‌റ്റുഡൻസാണ്. ഇതൊക്കെ ഓടുമോ എന്ന് അന്നത്തെ സാമ്പ്രദായിക സിനിമാക്കാരൊക്കെ ചോദിച്ച ചിത്രങ്ങളായിരുന്നു ഇവ രണ്ടും. ആ വിജയങ്ങൾ ആവർത്തിക്കുമ്പോൾ ആ ഇഷ്‌ടം പതുക്കെ പതുക്കെ കുറയും. 'ഇവരുടെ അഹങ്കാരം ഒന്നു കുറയ്‌ക്കണോല്ലോ? എല്ലാം അങ്ങനെ സ്വീകരിച്ചാലും ശരിയാവില്ല' എന്ന് ചിലർ കരുതും. എന്തെങ്കിലും ചെറിയ മിസ്‌റ്റേക്ക് വന്നാൽ പോലും അതിനെ പർവതീകരിച്ച് അതാണ് സിനിമ എന്ന തരത്തിൽ വ്യാജപ്രചരണങ്ങൾ നടത്തും'.

സോഷ്യൽ മീഡിയയുടെ വരവ് ഇതിനൊക്കെ ആക്കം കൂട്ടിയിട്ടില്ലേ?

'തീർച്ചയായും കൂടിയിട്ടുണ്ട്. ഇന്റർവെൽ സമത്തിനു മുമ്പു തന്നെ ആൾക്കാർ അഭിപ്രായങ്ങൾ എഴുതി തുടങ്ങും. ഇതൊക്കെ പ്രേക്ഷകരെ ഒരുപരിധി വരെ സ്വാധീനിക്കും. പണ്ടത്തെ കാലത്ത് നിരൂപണങ്ങൾക്ക് വലിയ ശക്തിയുണ്ടായിരുന്നില്ല. കാരണം ഒരു ചെറിയ വിഭാഗം മാത്രമായിരുന്നു അത് വായിച്ചിരുന്നത്. ഇന്നങ്ങനെയല്ല, സിനിമ കാണുന്നവരിൽ 100 പേരെ എടുത്താൽ അതിൽ 80 ശതമാനവും ചെറുപ്പക്കാരാണ്. അവരുടെ അഭിപ്രായങ്ങൾക്ക് വലിയ വാല്യുവുണ്ട്. അവർ പറയുന്നതാണ് ഇന്ന് സിനിമ. അവർക്ക് ഇഷ്‌ടപ്പെട്ടില്ലെങ്കിൽ ആ സിനിമ പോയി. അതായി മാറിയിരിക്കുന്നു ഇന്നത്തെ അവസ്ഥ.

അതേസമയം, ന്യൂജനറേഷൻ ആൾക്കാരുടെ സിനിമയ്‌ക്ക് വലിയ പ്രാധാന്യവും യുവതലമുറ നൽകുന്നു. നമ്മളെയൊക്കെ ശത്രുക്കളായെങ്കിലും ചിലർ കാണുന്നുണ്ട്. സീനിയർ നടന്മാരായിട്ടുള്ള മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ് വരെയുള്ളവർക്കാണ് ഈ പ്രശ്‌നം. ബാക്കിയെല്ലാം അവരുടെ ആളുകളാണ്. ഞങ്ങൾ നിങ്ങൾ എന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഹോളിവുഡിലെ പല സംവിധായകരുടെയും കാര്യം എടുത്തു കഴിഞ്ഞാൽ അറുപത് വയസിനു ശേഷമാണ് പലരുടെയും ഏറ്റവും മികച്ച സൃഷ്‌ടികൾ പിറന്നിട്ടുള്ളത്. എന്നാലിവിടെ മക്കളെയും നോക്കി പോയി വീട്ടിലിരുന്നോളൂ എന്നാണ് പരിഹാസം. പക്ഷേ ഞങ്ങൾ അങ്ങനെ പഴഞ്ചനാകാൻ തയ്യാറല്ല'.

സിനിമയ്‌ക്കുള്ളിൽ അത്തരമൊരു കോക്കസ് പ്രവർത്തിക്കുന്നുണ്ടോ?

'കോക്കസല്ല ഓരോരുത്തരുടെയും താൽപര്യങ്ങളാണത്. ഇൻഡസ്‌ട്രി നിലനിൽക്കണമെങ്കിൽ വലിയ സിനിമകൾ ഓടേണ്ടതുണ്ട്. മലയാള സിനിമാ ഇൻഡസ്‌ട്രിക്ക് പെട്ടന്നൊരു കുതിപ്പുണ്ടാക്കിയ ചിത്രങ്ങളായിരുന്നു പുലിമുരുകനും ലൂസിഫറുമൊക്കെ. ഇത്രയും വലിയ മാർക്കറ്റുണ്ടെന്ന് കാണിച്ചു കൊടുത്ത സിനിമകളാണ് ഇതു രണ്ടും. അങ്ങനത്തെ സിനിമകൾ വന്നില്ലായിരുന്നുവെങ്കിൽ ഇൻഡ്സ്ട്രി വളരില്ലായിരുന്നു. നമ്മുടെ പുതു തലമുറ മനസിലാക്കാത്ത ഒരു കാര്യമുണ്ട്, സൂപ്പർ സ്‌റ്റാറുകളുടെ ചിത്രങ്ങളെ നിങ്ങൾ അറ്റാക്ക് ചെയ്‌‌ത് ഇല്ലാതാക്കിയാൽ അതുകൊണ്ട് നശിക്കാൻ പോകുന്നത് ഇൻഡസ്‌ട്രി തന്നെയാണ്. പുതിയ ആളുകൾക്ക് പോലും അവസരം ഉണ്ടാകാത്ത അവസ്ഥയാകും പിന്നെ സംജാതമാവുക. തണ്ണീർമത്തൻ ദിനങ്ങൾ പോലുള്ള ചിത്രങ്ങൾക്ക് ഡിജിറ്റൽ പ്ളാറ്റ്ഫോമുകളിലടക്കം സ്വീകാര്യത ലഭിച്ചത് ഒരു വാതിൽ അവിടെ തുറന്നതു കൊണ്ടാണ്. അത് തുറക്കാൻ തക്കവണ്ണം ശക്തിയുള്ളവരാണ് മോഹൻലാലും മമ്മൂട്ടിയുമെല്ലാം. അവരുടെ സിനിമകളെ താറടിച്ച് കാണിക്കുന്നവർ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന് മാത്രം ആലോചിക്കുക'.