ജനങ്ങളുടെ പണം രാഷ്ട്രീയ പ്രചാരണത്തിനുള്ളതല്ല ; പൗരത്വ നിയമത്തിനെതിരെ സർക്കാർ പരസ്യം നൽകിയത് തെറ്റെന്ന് ഗവ‌ർണർ

Friday 10 January 2020 7:50 PM IST

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയതിന് സംസ്ഥാന സർക്കാർ പരസ്യ നൽകിയതിനെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനക്ഷേമത്തിനായുള്ള പണം രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നാഭിപ്രായം പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. അതിൽ പ്രശ്‌നമില്ല. എന്നാൽ പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രചാരണം നടത്തുന്നതിനായി പൊതുപണം വിനിയോഗിക്കുന്നത് തെറ്റാണ്. എന്നാൽ രാഷ്ട്രീയ പാർട്ടികൾ പ്രചാരണം നടത്തുന്നതിൽ തെറ്റില്ല. പൊതുപണം ഉചിതമായി വിനിയോഗിക്കണമെന്ന് മാത്രമാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ സംസ്ഥാന സർക്കാർ നടപടികൾ ഭരണഘടനാ വിരുദ്ധമാണ്. സംസ്ഥാന സർക്കാരുമായി ഏറ്റുമുട്ടാനില്ലെന്നും സർക്കാരിനെ ഉപദേശിക്കാൻ മാത്രമേ ഉള്ളൂവെന്നും ഗവർണർ പറഞ്ഞു. പണിമുടക്ക് ദിവസം സംസ്ഥാനത്തെത്തിയ സർക്കാർ അതിഥിയായ നോബൽ ജേതാവ് മൈക്കിൾ ലെവിറ്റിനെ തടഞ്ഞത് കേരളത്തിന് നാണക്കേടായെന്നും ഗവർണർ പറഞ്ഞു.