വെടിയുതിർക്കും മുമ്പ് അഞ്ചിടത്ത് കുത്തി

Saturday 11 January 2020 12:23 AM IST

തിരുവനന്തപുരം: കളിയിക്കാവിള ചെക്പോസ്റ്റിൽ ബുധനാഴ്ച രാത്രി എ.എസ്.ഐ വിൽസണിനെ വെടിവച്ച് കൊല്ലുംമുമ്പ് കുത്തിവീഴ്ത്തിയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇന്നലെ പൊലീസ് ഫയൽ ചെയ്ത എഫ്.ഐ.ആറിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ബുള്ളറ്റ് തുളച്ചുണ്ടായ മുറിവിന് പുറമേ മൃതദേഹത്തിൽ അഞ്ചിടത്ത് കത്തികൊണ്ടുള്ള മുറിപ്പാടുകളുണ്ട്. ഇതിലൊന്ന് ആഴത്തിലുള്ളതാണ്.

ആശാരിപ്പള്ളം മെഡിക്കൽ കോളേജിൽ വിൽസണിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് മുമ്പ് ബുള്ളറ്റ് കണ്ടെത്താൻ സ്കാനിംഗിനും വിധേയമാക്കി. ശരീരത്തിൽ ഒരു ബുള്ളറ്റ് മാത്രമാണുണ്ടായിരുന്നത്, വലത് തുടയിൽ. കഴുത്തിലേറ്റ വെടിയിൽ ബുള്ളറ്റ് തുളഞ്ഞ് മുതുകു വഴിയും മറ്റൊരു ബുള്ളറ്റ് വയറിനും നെഞ്ചിനും ഇടയിലൂടെ തുളഞ്ഞുകയറി ഇടുപ്പുവഴിയും പുറത്തേക്ക് പോയി. നാലു ബുള്ളറ്റുകൾ ദേഹത്ത് പതിച്ചെങ്കിലും മൂന്നെണ്ണത്തിൽ നിന്നാണ് മുറിവേറ്റത്. എന്നാൽ പ്രദേശത്തുനിന്ന് ആറ് ബുള്ളറ്റ് തിരയറകൾ കണ്ടെത്തി.

വലത് കൈവിരലിൽ, ഇടത് കൈവിരലിൽ, മുതുകിൽ, ഇടുപ്പിൽ, കാതിൽ എന്നിവിടങ്ങളിലാണ് മുറിവേൽപ്പിച്ചത്. എന്നാൽ മൽപ്പിടിത്തുമുണ്ടായ ലക്ഷണമില്ല. വിൽസണെ പിടിച്ചുവച്ച് കുത്തിയ ശേഷം വെടിവച്ചെന്നാണ് കരുതുന്നത്. വ്യക്തിപരമായ പകയാകാം കാരണമെന്ന നിഗമനത്തിലാണ് പൊലീസ്.

10 അന്വേഷണ സ്‌ക്വാഡ്

പ്രതികളെ പിടിക്കാൻ 10 സ്പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ചെന്ന് തമിഴ്നാട് ഐ.ജി ഷണ്മുഖ രാജേശ്വരൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇന്നലെ തക്കല പൊലീസ് സ്റ്റേഷനിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കൂടികാഴ്ചയ്ക്ക് എത്തിയതായിരുന്നു ഐ.ജി.