ഈ റെയിൽവെ സ്റ്റേഷൻ എന്റെ സ്വന്തമാണെന്ന് ആരെങ്കിലും പറഞ്ഞാൽ നിസാരമായി ഇനി തള്ളി കളയണ്ട

Saturday 11 January 2020 4:53 PM IST

തിരുവനന്തപുരം: ഈ റെയിൽവെ സ്റ്റേഷൻ എന്റെ സ്വന്തമാണെന്ന് ആരെങ്കിലും പറഞ്ഞാൽ നിസാരമായി ഇനി തള്ളി കളയണ്ട! സംസ്ഥാനത്തെ ചില റെയിൽവേ സ്റ്റേഷനുകൾ സ്വകാര്യവത്കരിക്കാൻ റെയിൽവേ നടപടികൾ തുടങ്ങിയതായി സൂചന. എറണാകുളം സൗത്ത്, തൃശൂർ, കോഴിക്കോട് സ്റ്റേഷനുകളാവും പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയിൽ ഉൾപ്പെടുത്തുക. പദ്ധതി പ്രാവർത്തികമായാൽ ഈ സ്റ്റേഷനുകളിലെ മേൽനോട്ട ചുമതല പൂർണമായും അതാത് കമ്പനികൾക്ക് ആയിരിക്കും

ആദ്യം എറണാകുളം സൗത്ത്

മൂന്ന് സ്റ്റേഷനുകളാണ് പരിഗണിയ്ക്കുന്നതെങ്കിലും എറണാകുളം സൗത്തിനാണ് ആദ്യ ഘട്ടത്തിൽ മുൻ‌തൂക്കം. സ്റ്റേഷനുകൾ സ്വകാര്യമാകുന്നതോടെ ഇവിടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള തുക കണ്ടെത്തൽ ഉൾപ്പടെ എളുപ്പമാകുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തിൽ രാജ്യത്തെ 150 ട്രെയിനുകൾ സർവീസ് നടത്താൻ സ്വകാര്യ മേഖലയ്ക്ക് അനുമതി നൽകിയിരുന്നു. ഇതിനോടൊപ്പം തന്നെയാണ് 50 സ്റ്റേഷനുകളും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടത്താനുള്ള നീക്കവും ആരംഭിച്ചത്. നൂറ് റൂട്ടുകളിലാണ് സ്വകാര്യ ട്രെയിനുകൾ ഓടുക. വിമാനത്താവളങ്ങൾക്ക് സമാനമായ സൗകര്യങ്ങൾ സ്റ്റേഷനുകളിൽ ഒരുക്കും. മികച്ച രീതിയിലുള്ള ടോയ്ലറ്റുകൾ, കാത്തിരിപ്പുകേന്ദ്രങ്ങൾ എന്നിവ ഉണ്ടാകും.

400 സ്റ്റേഷനുകൾക്ക് പുതുമുഖം

രാജ്യത്ത് 400 സ്റ്റേഷനുകളെയാണ് ഇത്തരത്തിൽ നവീകരിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ ആദ്യ പടിയായാണ് 50 സ്റ്റേഷനുകളുടെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള മതിയായ സൗകര്യം, മാലിന്യ ശേഖരണ-സംസ്കരണ പ്ലാന്റുകൾ, എൽ.ഇ.ഡി ലൈറ്റുകൾ, സെൽഫി പോയിന്റുകൾ, ആധുനിക രീതിയിലുള്ള ഭക്ഷണ ശാലകൾ എന്നിവ ഉണ്ടാകും.

റെയിൽവേയുടെ ഉടമസ്ഥതയിലുള്ള പല സ്ഥലങ്ങളും ഇനി വാടകയ്ക്കും നല്‍കും. അതിലൂടെ അധിക വരുമാനം നേടുകയാണ് ലക്ഷ്യം. ചെറുകിട കച്ചവട സംരംഭങ്ങൾ തുടങ്ങാൻ 99 വർഷത്തിന് ഭൂമി പാട്ടത്തിന് നൽകാനും പദ്ധതിയുണ്ട്.

സ്വകാര്യ ചടങ്ങിന് റെയിൽവേ സ്റ്റേഷൻ

കഴിഞ്ഞ ഒക്ടോബറിന് ചരിത്രമുറങ്ങുന്ന ഫോർട്ട് കൊച്ചി ഹാർബർ ടെർമിനൽസ് ഒരു സ്വകാര്യ പരിപാടി നടത്താനായി വാടകയ്ക്ക് നൽകിയിരുന്നു. സ്വീകരിയ്ക്കാൻ ടി.ടി.ആർ, പോർട്ടർമാർ എല്ലാവരും സ്റ്റേഷനിൽ ഉണ്ടായിരുന്നു. രാജ്യത്ത് ആദ്യമായാണ് സ്വകാര്യ ആവശ്യങ്ങൾക്കായി ഒരു സ്റ്റേഷൻ വാടകയ്ക്ക് കൊടുക്കുന്നത്. പദ്ധതി വിജയകരമായതോടെ മറ്റു സ്റ്റേഷനുകളിൽ ഇത്തരത്തിൽ വാടകയ്ക്ക് നൽകി വരുമാനം വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് റെയിൽവേ.

കൂടുതൽ പ്രൈവറ്റ് ട്രെയിനുകൾ

ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിൽ നിന്നും ന്യൂഡൽഹി വരെ സർവീസ് നടത്തുന്ന തേജസ് എക്സ് പ്രസാണ് ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെതന്നെ ആദ്യത്തെ പ്രൈവറ്റ് ട്രെയിൻ. വിമാനത്തിന് സമാനമായി ഹോസ്റ്റസുമാരും ഇതിലുണ്ട്. നിലവിൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനാണ് ഈ ട്രെയിനിന്റെ നടത്തിപ്പ്. ഭാവിയിൽ ഈ ട്രെയിനും പുതിയ പാതകളിലൂടെ ഓടുന്ന സ്വകാര്യ ട്രെയിനുകളും പുറത്തുള്ള സ്വകാര്യ സംരംഭകർക്ക് നടത്തിപ്പിനായി റെയിൽവേ വിട്ടു നൽകും. തിരുവനന്തപുരത്തു നിന്ന് ഗുവാഹതിയിലേയ്ക്ക് സ്വകാര്യ ട്രെയിൻ ആരംഭിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും എന്ന് ഓടി തുടങ്ങുമെന്ന് ഇതുവരെയും അറിയിപ്പ് ലഭിച്ചിട്ടില്ല