പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും വേണ്ടെന്ന് വയ്ക്കുന്ന തിരക്കഥകളാണ് എന്നെത്തേടി വന്നത്: തുറന്നു പറഞ്ഞ് ആസിഫ് അലി
ആസിഫ് അലിക്ക് ഇത് കരിയറിൽ ഏറ്റവും തിളക്കമുള്ള കാലമാണ്. ഒന്നിന് പിറകേ ഒന്നായി സൂപ്പർഹിറ്റുകളും മികച്ച കഥാപാത്രങ്ങളും തേടി വരുന്നു. പഴയ ആസിഫിൽ നിന്നും പുതിയ ആസിഫിലേക്കുള്ള ദൂരം ഒത്തിരിയുണ്ട്. സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചും കൂടുതൽ തെളിച്ചമുള്ള കാഴ്ചപ്പാടുകളുമായി മുന്നേറുന്ന ആസിഫ് മനസ് തുറക്കുന്നു.
കാലം ഇത്രയായിട്ടും ആസിഫിന് ഒരു മാറ്റവുമില്ല. എന്താണ് അതിന്റെ രഹസ്യം?
ജീവിതത്തിൽ ഭയങ്കര എക്സൈറ്റ്മെന്റാണ്. അതായിരിക്കും കാരണം.
എന്താണ് എക്സൈറ്റ് ചെയ്യുന്നത്?
സിനിമയായിരുന്നു എന്റെ സ്വപ്നം.അത് യാഥാർത്ഥ്യമായി. പിന്നെ തുടർച്ചയായി സിനിമകൾ ചെയ്യാൻ പറ്റി. അതു തന്നെയാണ് ഏറ്റവും വലിയ എക്സൈറ്റ്മെന്റ്. മമ്മൂക്ക പറഞ്ഞ ഒരു കാര്യം ഇപ്പോഴും ഓർമ്മയിലുണ്ട് - പണ്ട് സിനിമയിൽ വരാൻ പ്രയാസമായിരുന്നു. എത്തിയാൽ എങ്ങനെയെങ്കിലും നിന്നുപോകും. ഇപ്പോൾ നേരെ മറിച്ചാണ്. വരാൻ വളരെ എളുപ്പമാണ്. നിലനിൽക്കാനാണ് പാട്.
സ്വയം വിലയിരുത്തുമ്പോൾ?
വലിയ സംവിധായകരുടെ നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു. കുറെ മോശം സിനിമകളിലും അഭിനയിച്ചു. ഒരു സമയത്ത് ധാരാളം ഫാൻ ഫോളോയിംഗുണ്ടായിരുന്നു. അത് ഇടയ്ക്കൊന്ന് കുറഞ്ഞു. അവരെ ഞാൻ തിരിച്ചു പിടിച്ചെന്നാണ് പലരും പറയുന്നത്. അതിന്റെയെല്ലാം സമ്മർദ്ദമുണ്ടെങ്കിലും എന്റെ ഏറ്റവും വലിയ സന്തോഷം ഞാൻ സിനിമയിലുണ്ടെന്നതാണ്. ചെറുപ്പം മുതലേ സ്ക്രീനിൽ കാണുന്ന ഒരുപാട് പേരുടെ കൂടെ അടുത്തിടപഴകാനും അവരോട് ഒരുമിച്ച് അഭിനയിക്കാനും കഴിഞ്ഞു. എന്നെപ്പോലെ ഒരു സാധാരണക്കാരന് അത് വലിയ അദ്ഭുതമാണ്.
ആരാധകരെ തിരിച്ച് കിട്ടിയെന്ന് പറയുന്നതിൽ കൃത്യമായ ജഡ്ജ്മെന്റില്ലേ?
ഇല്ല. അതൊരിക്കലും പറയാൻ പറ്റില്ല. പുറത്തിറങ്ങുമ്പോൾ പലരും വന്ന് സംസാരിക്കുകയും സെൽഫിയെടുക്കുകയും ചെയ്യാറുണ്ട്. ആ സ്നേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഒരു പരിചയവുമില്ലാത്ത ആൾക്കാർ എത്ര സ്നേഹത്തോടെയാണ് എന്നെ 'ഇക്കാ" യെന്ന് വിളിക്കുന്നത്. അത് വലിയ അംഗീകാരമാണ്. സിനിമയിൽ വന്നിട്ട് വ്യക്തിജീവിതത്തിൽ വന്ന മാറ്റമെന്താണെന്ന് ചോദിച്ചാൽ ഞാൻ അന്നും ഇന്നും പറയുന്നത് എന്റെ ബാങ്ക് അക്കൗണ്ടിൽ വന്ന വ്യത്യാസമാണ്. അല്ലാതെ ഒരു മാറ്റവും വന്നിട്ടില്ല.
സിനിമയുടെ വിജയത്തെയും പരാജയത്തെയും നേരിടുന്നത് എങ്ങനെയാണ് ?
സിനിമ മോശമായാൽ ഒരുപാട് സങ്കടപ്പെടുന്ന ആളാണ് ഞാൻ. അതിൽ നിന്ന് കരകയറാൻ സമയമെടുക്കും. നല്ല അഭിപ്രായമാണെങ്കിൽ ഞാനത് ഭീകരമായിട്ട് ആഘോഷിക്കും.
ഉയരെ എന്ന സിനിമ കണ്ടാൽ ആസിഫിനോട് വെറുപ്പ് തോന്നും. എന്തായിരുന്നു ആ കഥാപാത്രം ചെയ്യാനുള്ള ചങ്കൂറ്റം?
ഒരു സ്റ്റാർ എന്നതിനേക്കാൾ എന്നിലെ ആക്ടറിനാണ് എപ്പോഴും മുൻതൂക്കം കൊടുക്കുന്നത്. സിനിമകളിൽ ഗസ്റ്റ് റോളുകൾ ചെയ്യുന്നതും കാരക്ടർ റോളുകൾ ചെയ്യുന്നതും നെഗറ്റീവ് റോളുകൾ ചെയ്യുന്നതുമൊക്കെ അതുകൊണ്ടാണ്. 'ഉയരെ" പോലെയുള്ള സിനിമകൾ വരാൻ പോകുന്ന സിനിമകൾക്ക് ഗുണമേ ചെയ്യൂ. എന്റെ കഥാപാത്രത്തെക്കുറിച്ച് പ്രേക്ഷകർക്ക് മുൻധാരണയുണ്ടാകാൻ പാടില്ല. അതാണ് ഒരു ആക്ടറുടെ വിജയം.ഉയരെ ചെയ്യാൻ മറ്റൊരു കാരണം പാർവതിയുടെ സാന്നിദ്ധ്യമാണ്. നല്ല സിനിമകൾ മാത്രം ചെയ്യുന്നൊരാളാണ് പാർവതി. പിന്നെ ബോബി സഞ്ജയ് ടീമിലുള്ള വിശ്വാസം.
പണ്ട് ആസിഫ് ഉഴപ്പനായിരുന്നു?
ശരിയാണ്. സിനിമയിൽ വന്നുകഴിഞ്ഞിട്ടാണ് സിനിമ എന്താണെന്ന് മനസിലാക്കിയത്. ഞാൻ കാണിച്ചുകൊണ്ടിരിക്കുന്നത് ഉഴപ്പാണെന്ന് എനിക്കറിയില്ലായിരുന്നു. മോശം സിനിമകൾ തേടിപ്പിടിച്ച് അഭിനയിക്കുന്ന ആളാണ് ഞാനെന്ന് ചിലർ പറയാറുണ്ട്. കഥ പറയുമ്പോൾ എവിടെയൊക്കെയോ പുതുമ കാണുന്നത് കൊണ്ടാണ് പല പ്രോജക്ടുകൾക്കും കൈകൊടുക്കുന്നത്. എന്നാൽ ചിത്രീകരിച്ചു വരുമ്പോൾ കഥ ആകെ മാറിമറിഞ്ഞിരിക്കും.അങ്ങനെയാണ് എനിക്ക് ചെയ്യാൻ പറ്റാത്ത കഥാപാത്രങ്ങൾ ചെയ്തു പോയത്.
പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും കുഞ്ചാക്കോ ബോബനും വേണ്ടെന്ന് വയ്ക്കുന്ന തിരക്കഥകളാണ് പണ്ട് എന്നെത്തേടി അധികവും വന്നത്. ഞാനത് എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ നന്നായി ചെയ്തു. അന്ന് എനിക്ക് വേണ്ടി എഴുതപ്പെടുന്ന തിരക്കഥകൾ ഉണ്ടായിരുന്നില്ല.
ആസിഫിനെ ഇപ്പോഴും കോളേജ് കുമാരനായി കാണാനാണ് പ്രേക്ഷകർക്കിഷ്ടം?
ഋതുവും അപൂർവരാഗവും കഴിഞ്ഞസമയത്ത് ഒരുപാട് പേർ എന്നെ കോളേജ്, സ്കൂൾ സിനിമകൾക്കാണ് വിളിച്ചത്. ആ ചോക്ളേറ്റ് ബോയ് ഇമേജിൽ കുടുങ്ങി പോകരുതെന്ന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ ശ്രമിച്ചത്. ഒാർഡിനറിയിലെ ഭദ്രൻ അതിനൊരു ഉദാഹരണമാണ്. എന്നാൽ എന്തിനാണ് അത്തരത്തിലൊരു നെഗറ്റീവ് കാരക്ടർ ചെയ്തതെന്ന് പലരും ചോദിച്ചിട്ടുണ്ട്. ദൈവം സഹായിച്ച് കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോൾ എനിക്കുണ്ട്.
ഇനി സിനിമകൾ സെലക്ട് ചെയ്യുന്നതെങ്ങനെയായിരിക്കും?
പരിചയസമ്പന്നരായ ആളുകളോടൊപ്പമായിരിക്കും വർക്ക് ചെയ്യുക. പുതിയ സംവിധായകനാണെങ്കിൽ ആരുടെയെങ്കിലും കൂടെ ജോലി ചെയ്ത പരിചയം വേണം. സിനിമ എന്താണെന്ന് അറിയാവുന്ന ആളായിരിക്കണം. തിരക്കഥ പൂർണമായി വായിച്ച് ഇഷ്ടപ്പെട്ടാലേ സിനിമ ചെയ്യൂ.
രണ്ട് മക്കളുടെ അച്ഛനായ ശേഷം വ്യക്തിപരമായി ഉണ്ടായ മാറ്റം?
മോൻ ആദത്തിന് അഞ്ചര വയസായി. മോൾ ഹയയ്ക്ക് രണ്ട് വയസും. ഹോം സിക്ക്നെസ് വന്ന് തുടങ്ങിയതാണ് പ്രധാന മാറ്റം. ഏഴാംക്ളാസ് മുതൽ ഡിഗ്രിവരെ ഞാൻ ബോർഡിംഗിൽ നിന്നാണ് പഠിച്ചത്. അതുകൊണ്ടു തന്നെ കുടുംബവുമായുള്ള അടുപ്പം വളരെ കുറവായിരുന്നു. വാപ്പയും ഉമ്മയുമായിട്ട് ഫോണിലാണ് കൂടുതൽ സംസാരിച്ചിരുന്നത്. സിനിമയെന്ന് പറഞ്ഞ് എറണാകുളത്ത് വന്നപ്പോൾ വീട്ടിൽനിന്ന് കുറച്ച് കൂടി അകന്നു. അത് മാറിയത് കുട്ടികൾ വന്നപ്പോഴാണ്. അതോടെ കുടുംബമെന്ന ചിന്ത വന്നു. രണ്ട് പിള്ളേരെയും കാണാതെ എനിക്ക് ഉറങ്ങാൻ പറ്റില്ല.
അനുജൻ അസ്ക്കർ അലിയെ സിനിമ തിരഞ്ഞെടുക്കുന്നതിൽ സഹായിക്കാറുണ്ടോ?
എന്നോട് ഒരുപാടുപേർ ഇൗ ചോദ്യം ചോദിച്ചിട്ടുണ്ട്.അവരോടൊക്കെ ഞാൻ തിരിച്ച് ചോദിക്കുന്ന ഒരു ചോദ്യം എങ്ങനെയാണ് ഞാനവനെ സഹായിക്കേണ്ടതെന്നാണ്. എന്റെ സ്ക്രിപ്റ്റ് സെലക്ഷൻ തന്നെ ചോദ്യചിഹ്നമാണ്. (ചിരി).
ജ്യേഷ്ഠാനുജന്മാർ ഒരുമിച്ചൊരു സിനിമ?
എനിക്ക് വലിയ ആഗ്രഹമുണ്ട്. ഉറപ്പായിട്ട് ചെയ്യണം. എന്റെ ലൊക്കേഷനിൽ അവനെകൊണ്ട് നിറുത്തണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ അവൻ മടിച്ച് മാറിനിൽക്കും. അവന് എന്നെക്കാൾ സമയോടാണ് അടുപ്പം.