ആചാരങ്ങൾ ഒന്നും തെറ്റിച്ചില്ല, മരട് ഫ്ളാറ്റിനൊപ്പം പൂജിച്ച ആ ചുറ്റികയും തവിട് പൊടിയായി
കൊച്ചി: ആചാരങ്ങളും, വിശ്വാസങ്ങളുമൊന്നും തെറ്റിക്കാതെയാണ് മരട് ഫ്ളാറ്റ് പൊളിക്കൽ നടപടികൾ ആരംഭിച്ചത്. രാവിലെ തന്നെ ഗേറ്റിനു മുന്നിൽ വിളക്ക് കത്തിച്ച്, പൂക്കൾ വിതറി പൂജചെയ്താണ് പൊളിക്കൽ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുത്. ശൃംഗേരി മഠത്തിൽ നിന്നുള്ള പൂജാരിമാരുടെ നേതൃത്വത്തിലാണ് പൂജ നടത്തിയത്. പൂജയിൽ ഫ്ലാറ്റ് പൊളിക്കുന്ന കമ്പനിയുടെ പ്രതിനിധികളെല്ലാം പങ്കെടുത്തു. ഇന്നലെ രാവിലെ ഏഴേമുക്കാലോടെയാണ് ചടങ്ങ് നടന്നത്. പൂജയ്ക്ക് ശേഷം പ്രസാദവും, പഴവുമെല്ലാം ചുറ്റും കൂടിനിന്നവർക്ക് നൽകി.
മണിക്കൂറുകളോളം നീണ്ട പൂജയ്ക്കെടുവിൽ ആചാര പ്രകാരം എഡിഫസ് പാർട്‌ണർ ഉത്കർഷ് മേത്ത കയ്യിൽ ഒരു ചുറ്റികയുമായി മരടിലെ എച്ച്.ടു.ഓ ഫ്ലാറ്റിനുള്ളിൽ പ്രവേശിച്ചു. ചുറ്റിക ഫ്ലാറ്റിൽ വെച്ച് തിരികെ വന്നു. വിശ്വാസ പ്രകാരം ജോലിക്ക് ഉപയോഗിച്ച ഏതെങ്കിലുമൊരു ഉപകരണം ഫ്ലാറ്റിനൊപ്പം തകർക്കണം എന്നാണ്. എല്ലാ കാര്യങ്ങളും വിജയകരമായി പൂർത്തിയാക്കുന്നതിനാണ് പൂജ നടത്തിയത്. കയ്യിൽ കരുതിയ ചുറ്റിക ഫ്ളാറ്റിൽ ഉപേക്ഷിച്ചെന്ന് ഉത്കർഷ് മേത്ത പറഞ്ഞു.