ഒരൊറ്റ നിമിഷം,​ കായലോരവും "തവിടുപൊടി": നിശ്ചയിച്ചപോലെ പിഴയ്ക്കാതെ അവസാന ദൗത്യവും

Sunday 12 January 2020 2:37 PM IST
സുപ്രീം കോടതി ഉത്തരവനുസരിച്ച് മരടിലെ ഗോൾഡൻ കായലോരം ഫ്ളാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്നു.ഫോട്ടോ-മനു മംഗലശേരി

കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച് നിർമിച്ച മരട് നഗരസഭയിലെ നാലു ഫ്ലാറ്റുകളിൽ അവസാനത്തെ ഫ്ലാറ്റായ ഗോൾഡൻ കായലോരവും മണ്ണടിഞ്ഞു. പ്രതീക്ഷിച്ചതിലും വെെകിയായിരുന്നു സെെറൺ മുഴങ്ങിയിരുന്നത്. 2.20നായിരുന്നു രണ്ടാമത്തെ സെെറൺ. ഫ്‌ളാറ്റിന് സമീപമുള്ള അംഗന്‍വാടി കെട്ടിടം സുരക്ഷിതമാണ്. അംഗനവാടിയുടെ ചുറ്റുമതിലിന് മാത്രമാണ് കേടുപാടുകള്‍ സംഭവിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ചമ്പക്കര കനാൽ തീര റോഡിനോടു ചേർന്ന് തൈക്കുടം പാലത്തിനു സമീപത്താണ് കണ്ണാടിക്കാട് ഗോൾഡൻ കായലോരം സ്ഥിതിചെയ്തിരുന്നത്. 20 കൊല്ലം മുമ്പ് മരട് പഞ്ചായത്ത് ആയിരുന്നപ്പോൾ ആദ്യം പണിത ഫ്ലാറ്റ് സമുച്ചയമായിരുന്നു ഇത്. ഇതിന്റെ ചുവടു പിടിച്ചായിരുന്നു മറ്റു കെട്ടിടങ്ങൾക്കും അനുമതി നൽകിയിരുന്നത്.

ഗോൾ‌ഡൻ കായലോരം പൊളിക്കുന്നതാണ് തങ്ങൾക്കു മുന്നിലെ വെല്ലുവിളിയെന്ന് ഫ്ളാറ്റ് പൊളിക്കാൻ കരാറുള്ള എഡിഫസ് എൻജിനീയറിംഗിന്റെ ദക്ഷിണാഫ്രിക്കൻ പങ്കാളികളായ ജെറ്റ് ഡിമോളിഷൻസ് സി.ഇ.ഒ ജോ ബ്രിങ്ക്മാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. താരതമ്യേന ചെറിയ കെട്ടിടമാണെങ്കിലും മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായാണ് ഗോൾഡൻ കായലോരം തകർക്കുകയെന്നും കെട്ടിടത്തിന് തൊട്ടടുത്തായി അങ്കൺവാടി കെട്ടിടമുണ്ട് എന്നതിനാൽ കെട്ടിടം തകർക്കൽ വെല്ലുവിളിയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. തകർച്ചാ ഭീഷണി ഒഴിവാക്കാൻ കെട്ടിടത്തിന്‍റെ ചെറിയ ഭാഗം ഒരു വശത്തേക്കും വലിയ ഭാഗം മറുവശത്തേക്കും തകര്‍ന്നുവീഴുന്ന രീതിയിലായിരുന്നു ക്രമീകരണം.

സുപ്രീം കോടതി ഉത്തരവനുസരിച്ച് മരടിലെ ഗോൾഡൻ കായലോരം ഫ്ളാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്നു.ഫോട്ടോ-മനു മംഗലശേരി

മരടിൽ പൊളിക്കാൻ ഉത്തരവിട്ട കെട്ടിടങ്ങളിൽ ഏറ്റവും ഭീമൻ കെട്ടിടമായിരുന്നു നേരത്തെ നിലംപൊത്തിയ ജെയിൻ കോറൽ കോവ്. ജെയിൻ കോറൽ കോവിന്റെ സമീപ പ്രദേശത്തുള്ള കെട്ടിടങ്ങൾക്കു യാതൊരു കേടുപാടും സംഭവിച്ചില്ലെന്നാണ് സബ് കലക്ടർ എസ്. സുഹാസ് വ്യക്തമാക്കിയത്. ഇതുവരെ നടന്ന സ്ഫോടനങ്ങളിൽ ഏറ്റവും മികച്ചതും കൃത്യവും ഇതായിരുന്നുന്നെന്ന് എഡിഫ്സ് എംഡി അറിയിച്ചു. ഫ്ലാറ്റിലെ സെക്യൂരിറ്റി കാബിന്റെ ചില്ലുപോലും പൊട്ടിയില്ല. കായലിൽ നിന്ന് നാല് മീറ്റർ അകലത്തിലാണ് അവശിഷ്ടങ്ങൾ പതിച്ചതെന്നും അധികൃതർ വ്യക്തമാക്കി. ഇന്നലെ ഹോളിഫെയ്ത്ത് എച്ച്ടുഒയും ആൽഫാ സെറീനും ഉദ്യോഗസ്ഥർ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തിരുന്നു.