ബി.ജെ.പി - എസ്.ഡി.പി.ഐ സംഘർഷം: ബി.ജെ.പി സംസ്ഥാന സെക്രട്ടറിയടക്കം നിരവധി പേർക്ക് പരിക്ക്
ഇടുക്കി: ഇടുക്കി തൂക്കുപാലത്ത് ബി.ജെ.പി - എസ്.ഡി.പി.ഐ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.കെ നസീറിനും മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർക്കും മൂന്ന് പൊലീസുകാർക്കുമാണ് പരിക്കേറ്റത്. ബി.ജെ.പിയുടെ പൗരത്വ വിശദീകരണ റാലി കടന്നുപോകവെയാണ് സംഘർഷം നടക്കുന്നത്. റാലിക്കിടെ ബി.ജെ.പി പ്രവർത്തകർ റോഡിൽ നിന്നിരുന്ന എസ്.ഡി.പി.ഐ പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് സംഘർഷം രൂക്ഷമമായത്. എസ്.ഡി.പി.ഐ പ്രവർത്തകരെ മർദ്ദിച്ചതിനെ തുടർന്ന് റാലിക്ക് ശേഷം എ കെ നസീറിനെ എസ്.ഡി.പി.ഐ പ്രവർത്തകര്‍ മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസുകാർക്കും മർദ്ദനമേറ്റു. കൂടുതൽ പൊലീസെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. അതേസമയം പൊലിസിനെ വിമർശിച്ച് കെ. സുരേന്ദ്രൻ രംഗത്തെത്തി. . പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികളെ അറസ്റ്റു ചെയ്യാൻ തയ്യാറായില്ലെന്നാണ് സുരേന്ദ്രന്റെ ആരോപണം.