മൊബൈൽ അടിമകളെ സൃഷ്‌ടിക്കരുത്
കഴിഞ്ഞ അദ്ധ്യയന വർഷങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ മാനവശേഷി മന്ത്രാലയത്തിന്റെയും ലോകബാങ്കിന്റെയും റിപ്പോർട്ടിന്റെ സഹകരണത്തോടെ നീതിആയോഗ് പുറത്തുവിട്ട സ്‌കൂൾ വിദ്യാഭ്യാസ ഗുണനിലവാര സൂചികയനുസരിച്ച് കേരളം ദേശീയതലത്തിൽ ഒന്നാമതാണെന്നുള്ള വാർത്ത അഭിമാനകരമാണ്. വിദ്യാലയങ്ങൾ കോടിക്കണക്കിനു രൂപ ചിലവഴിച്ച് ആധുനികവൽക്കരിക്കപ്പെടുകയാണ്.
അതേസമയം നമ്മുടെ കുട്ടികൾ വായനയിൽ നിന്നകന്നു പോകുകയും മൊബൈൽ അടിമകളായി മാറുകയും ചെയ്യുന്നു യാഥാർത്ഥ്യം.
ഇതിന് പ്രധാന കാരണം ദൃശ്യമാദ്ധ്യമങ്ങളുടെയും സാമൂഹ്യ മാദ്ധ്യമങ്ങളുടെയും സജീവസാന്നിധ്യം തന്നെയാണ്. രണ്ട് വയസുള്ള കുട്ടികൾ വരെ ഇതിന്റെ ഇരകളാണ്. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്നും അണുകുടുംബ വ്യവസ്ഥിതിയിലേക്ക് ജീവിത സാഹചര്യം മാറിയതോടെ കുട്ടികളെ അടക്കിയിരുത്താൻ പുതുതലമുറയിലെ അമ്മമാരുടെ ഏക ആശ്രയമാണ് മൊബൈൽ ഫോൺ. കുറെക്കാലം മുമ്പ് വരെ ഇത് കൈയ്യടക്കിയിരുന്നത് ടെലിവിഷൻ ചാനലുകൾ ആയിരുന്നു. മൂന്ന് വയസിൽ താഴെയുള്ള കുട്ടികളുടെ മൊബൈൽ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദ്യാസമ്പന്നരന്ന് അഭിമാനിക്കുന്ന മലയാളികൾ ഈ വിഷയത്തിൽ സൂക്ഷ്‌മ ശ്രദ്ധ പുലർത്താത്തത് പരിതാപകരമാണ്.
സുഗതൻ എൽ. ശൂരനാട്
താമരക്കുളം,