സഞ്ചാരികളെ ആകർഷിച്ച് കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ ജലധാര
മണ്ണാർക്കാട്: വിനോദ സഞ്ചാരികൾക്ക് കൗതുകമായി കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ പുതിയ വാട്ടർ ഫൗണ്ടൻ സ്ഥാപിച്ചു. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിൽ വെള്ളത്തുള്ളികൾ നൃത്തം വയ്ക്കുന്ന പ്രീതിയിലാണ് ഫൗണ്ടൻ രൂപകല്പന ചെയ്തിരിക്കുന്നത്. പാട്ടിന്റെ ഗതിക്കനുസരിച്ച് വെള്ളത്തുള്ളികൾ വാനിൽ ഉയർന്നു പൊങ്ങുന്നതോടെ കാണികൾ കരഘോഷവും ആർപ്പുവിളിയും മുഴക്കും. മൈസൂർ ബൊട്ടാണിക്കൽ ഗാർഡനിലെ വാട്ടർ ഫൗണ്ടന്റെ മാതൃകയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.
ഡി.ടി.പി.സിയാണ് വിനോദ സഞ്ചാരികൾക്കായി ഈ നവ്യാനുഭവം ഒരുക്കിയത്. ഏതാനും മാസം മുമ്പാണ് മൂന്നുകോടി ചെലവിൽ ഉദ്യാന നവീകരണം നടത്തിയത്. മുമ്പുള്ള കുളം നവീകരിച്ചാണ് വാട്ടർ ഫൗണ്ടൻ സ്ഥാപിച്ചത്. കുട്ടികളുടെ പാർക്ക്, സ്വിമ്മിംഗ് പൂൾ, ആധുനിക ഇരിപ്പിടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. പാലക്കാടിന് പുറമേ മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നും നിരവധി പേർ കാഞ്ഞിരപ്പുഴയിലേക്ക് എത്തുന്നുണ്ട്.