എ.എസ്.ഐ വധം: കൊലയാളികൾക്ക് തോക്ക് നൽകിയ ഇജാസ് പിടിയിൽ

Tuesday 14 January 2020 12:58 AM IST

തിരുവനന്തപുരം : കളിയിക്കാവിള ചെക്ക്പോസ്റ്റിൽ തമിഴ്നാട് എ.എസ്‌ഐയെ വെടി വച്ച് കൊന്ന കേസിലെ പ്രതികളായ അബ്ദുൾ ഷമീമിനും തൗഫിക്കിനും തോക്ക് നൽകിയ ഇജാസ് പാഷ ബാംഗ്ലൂരിൽ പിടിയിലായി.

നിരോധിത സംഘടനയായ അൽഉമ്മയുടെ പുതിയ രൂപമായ തമിഴ്നാട് നാഷണൽ ലീഗിന്റെ പ്രവർത്തകനാണ് ഇയാൾ.സംഘടനയുടെ പ്രവർത്തകരെന്ന് സംശയിക്കുന്ന അനീസ്, സഹീദ്, ഇമ്രാൻ, സലിം എന്നിവരെയും കർണ്ണാടകയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുംബെയിൽ നിന്നും ലഭിച്ച തോക്ക് ഇജാസ് ബാംഗ്ലൂരിൽ വച്ചാണ് പ്രതികൾക്ക് കൈമാറിയതെന്നാണ് തമിഴ്നാട് ക്യൂ ബ്രാഞ്ച് നിഗമനം. എ.എസ്.ഐയെ കൊലപ്പെടുത്തിയ ഷമീമും തൗഫീക്കും തമിഴ്നാട് നാഷണൽ ലീഗിന്റെ പ്രവർത്തകരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബാംഗ്ലൂർ കലാശിപാളയത്ത് നിന്നും ഇജാസ് പിടിയിലായത്. ഇവരിൽ നിന്നും ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യപ്രതികളെ ഉടൻ പിടികൂടാനാകുമെന്നാണ് പൊലീസ് കരുതുന്നത്.

കൊലയ്ക്കുള്ള ആസൂത്രണം നടന്നത് കേരളത്തിലാണെന്നതിന് കൂടുതൽ തെളിവുകൾ പുറത്തു വന്നു ഈമാസം 7,8 തീയതികളിൽ പ്രതികൾ നെയ്യാറ്റിൻകരയിലെത്തിയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇവർ നെയ്യാറ്റിൻകരയിൽ വീട് വാടകക്കെടുത്ത് താമസിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് നിഗമനം. . നെടുമങ്ങാട് തൊളിക്കോട് താമസിക്കുന്ന കളിയിക്കാവിള സ്വദേശിയാണ് വീട് തരപ്പെടുത്തി നൽകിയതെന്ന് സംശയിക്കുന്നു. ഇയാൾ ഒളിവിലാണ്.

ബാഗ് എടുത്തതാര് ?

ഞായറാഴ്ച നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്ത പത്താംകല്ല് സ്വദേശി ജാഫറിനെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. കൊലനടക്കുന്നതിന് മുമ്പ് നെയ്യാറ്റിൻകര ജംഗ്ഷനിലൂടെ നടന്നുപോയ പ്രതികൾ കൈയ്യിലുണ്ടായിരുന്ന ബാഗ് റോഡരികിൽ ഉപേക്ഷിച്ചതായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ സി.സി.ടിവി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തിയിരുന്നു. പിന്നാലെ എത്തിയ മറ്റൊരാൾ ഈ ബാഗ് ടി.ബിക്ക് സമീപത്തെ പള്ളിയിലെത്തി ജാഫറിന് കൈമാറിയതായും വ്യക്തമായി. റോഡിൽ നിന്ന് ബാഗ് എടുത്ത് ജാഫറിനെ ഏൽപ്പിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.