76,350 ടൺ ഫ്ലാറ്റു മാലിന്യം: ആദ്യംപൊടി, പിന്നെ കട്ട!

Tuesday 14 January 2020 12:00 AM IST

കൊച്ചി: മാനംമുട്ടി നിന്ന നാല് ഫ്ലാറ്റുകളും പ്രതീക്ഷിച്ചപടി ഇടിഞ്ഞമർന്നു. ഇനി ദൗത്യം അവശിഷ്ടങ്ങൾ വാരിമാറ്റൽ. കുറച്ചൊന്നുമല്ല, 76,350 ടണ്ണോളമുണ്ട്. ടോറസിൽ 4250 ലോഡ്. ദിവസം 15 ലോഡ് വീതം മാറ്റിയാലും കുറഞ്ഞത് 70 ദിവസം വേണം. 25 ടോറസുകൾ രംഗത്തുണ്ടാകും.

ജോലി തുടങ്ങാൻ കളക്ടറുടെ അനുമതിക്ക് കാക്കുകയാണ് കരാറെടുത്ത പ്രോംപ്റ്റ് എന്റർപ്രൈസസ്. കമ്പിയും സിമന്റും വേർതിരിക്കേണ്ടത് പൊളിക്കാൻ കരാറെടുത്ത എഡിഫൈസും വിജയ് സ്റ്റീൽസുമാണ്. ഇന്നലെ ആ ജോലികൾ തുടങ്ങി.

നാലു നില ഉയരത്തിൽ കിടക്കുന്ന അവശിഷ്ടങ്ങൾ പൊടിച്ച് അരൂർ ചന്തിരൂരിലെ യാർഡിലെത്തിച്ച് എം- സാൻഡ് ആക്കും. ഇത് പിന്നീട് സിമന്റും ചേർത്ത് കോൺക്രീറ്റ് കട്ടയാക്കും. 2000 ലോഡിന്റെ എം- സാൻഡിന് മറ്റൊരു കമ്പനിയുമായി കരാറായി.

നാലു കോടി രുപയ്ക്ക് ആസ്ട്രിയയിൽ നിന്ന് കൊണ്ടുവന്ന 'റബിൾ മാസ്റ്റർ" മെഷീനിലിട്ടാണ് എം-സാൻഡ് ആക്കുന്നത്. ഇന്ത്യയിൽ എത്തിക്കുന്ന രണ്ടാമത്തെ റബിൾ മാസ്റ്ററാണിത്. ഡൽഹി കോർപറേഷനാണ് ആദ്യം വാങ്ങിയത്. ഫ്ലാറ്റിന്റെ കമ്പികൾ കഞ്ചിക്കോട്ടെ സ്റ്റീൽ കമ്പനിക്ക് കൈമാറി പുത്തൻ സ്റ്റീലുണ്ടാക്കും.

പൊടി പേടിച്ച് രോഷം

അതിനിടെ, വീടുകളിൽ രൂക്ഷമായ പൊടിശല്യമെന്ന പരാതിയുമായി സമീപവാസികൾ നഗരസഭാദ്ധ്യക്ഷയെ ഇന്നലെ തടഞ്ഞുവച്ചു. കോൺക്രീറ്റ് മാലിന്യം കൂട്ടത്തോടെ മാറ്റുമ്പോൾ പൊടി ശല്യം ഇതിലുമേറെയാകുമെന്നാണ് ആശങ്ക.

പൊടി ശല്യം ഉണ്ടാവില്ല

മാലിന്യം മാറ്റുമ്പോൾ പൊടിശല്യം ഉണ്ടാവില്ലെന്ന് കരാർ കമ്പനി പറയുന്നു. വെള്ളം ചീറ്റിച്ചും കൃത്യമായ സുരക്ഷാ മാർഗങ്ങൾ ഉപയോഗിച്ചും മാത്രമേ മാറ്റൂ. അഗ്നിസുരക്ഷാ സേനയാവും വെള്ളമെത്തിക്കുക.