മതാചാര വിഷയങ്ങൾ ആദ്യം , പുനഃപരിശോധന പിന്നീട്; ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ റിവ്യൂ, റിട്ട് ഹർജികൾ ഒൻപതംഗ ഭരണഘടനാ ബെഞ്ച് ഇപ്പോൾ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി ആവർത്തിച്ചു. അവിഭാജ്യ മതാചാരങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബർ 14ന് അഞ്ചംഗ ബെഞ്ച് വിശാല ബെഞ്ചിലേക്ക് കൈമാറിയ ഏഴ് ഭരണഘടനാ പ്രശ്‌നങ്ങൾ മാത്രമാണ് നിലവിൽ പരിഗണനയിലുള്ളത്.
ഈ ചോദ്യങ്ങളിൽ തീരുമാനമെടുത്ത ശേഷമേ ശബരിമല റിവ്യൂ ഹർജികൾ തീർപ്പാക്കുകയുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ ആർ.ഭാനുമതി. അശോക് ഭൂഷൺ, എൽ.നാഗേശ്വരറാവു, എം.എം ശാന്തനഗൗഡർ, എസ്.എ നസീർ, ആർ.സുഭാഷ് റെഡ്ഡി, ബി.ആർ ഗവായി, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ വ്യക്തമാക്കി. മൂന്നാഴ്ചയ്ക്ക് ശേഷം ബെഞ്ച് വീണ്ടും ചേരും.
ശബരിമല യുവതീ പ്രവേശനം, മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, ഇതര സമുദായത്തിൽ നിന്ന് വിവാഹം കഴിക്കുന്ന പാഴ്‌സി സ്ത്രീകളുടെ ആരാധനാലയ വിലക്ക്, ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകർമ്മം എന്നീ വിഷയങ്ങളിൽ ഉയർന്ന നിയമ പ്രശ്നങ്ങളിലാണ് ഒൻപതംഗ ബെഞ്ച് തീരുമാനമെടുക്കുക. ഓരോ ഹർജിയും പ്രത്യേകമായി പരിഗണിക്കില്ല. മുസ്ളിങ്ങൾക്കിടയിലുള്ള ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവയുടെ നിയമസാധുതയിലേക്ക് കടക്കില്ല. ശബരിമല പുന:പരിശോധനാ ഹർജികൾ തള്ളി ജസ്റ്റിസ് രോഹിംഗ്ടൻ നരിമാൻ എഴുതിയ ന്യൂനപക്ഷ വിധി പരിഗണനയിലില്ലെന്നും കോടതി വ്യക്തമാക്കി.
അഭിഭാഷകർക്ക് മൂന്നാഴ്ച സമയം
വിശാല ബെഞ്ചിലേക്ക് കൈമാറിയ ഏഴ് ചോദ്യങ്ങൾ പുനക്രമീകരിക്കണോ കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്തണോ മാറ്റം വരുത്തണോ ഓരോ വിഷയത്തിനും വാദത്തിനും നൽകേണ്ട സമയം എന്നിവയിൽ തീരുമാനമെടുക്കുന്നതിന് 17ന് യോഗം ചേരാൻ ഹർജിക്കാരുടെ അഭിഭാഷകരോട് കോടതി നിർദ്ദേശിച്ചു. സുപ്രീംകോടതി സെക്രട്ടറി ജനറൽ പങ്കെടുക്കണം. മുതിർന്ന അഭിഭാഷകരായ അഭിഷേക് സിംഗ്‌വി, രാജീവ് ധവാൻ, ഇന്ദിരാ ജയ്‌സിംഗ്, സി.എസ്. വൈദ്യനാഥൻ എന്നിവർ യോഗം ഏകോപിപ്പിക്കണം. ഇതിന് ശേഷം വിശാലബെഞ്ച് വീണ്ടും ചേർന്ന് വാദത്തിലേക്ക് കടക്കും.
അഭിഭാഷകർ ഇന്നലെ വാദിച്ചത്
1. ഏഴ് ചോദ്യങ്ങളും വിശാലമാണ്. കൂടുതൽ കൃത്യത വരുത്തേണ്ടതുണ്ട്
- അഭിഷേക് സിംഗ്‌വി, തുഷാർ മേത്ത
2. വിധി തെറ്റാണോയെന്ന് ആദ്യം തീരുമാനിക്കണം. ചോദ്യങ്ങൾക്ക് അക്കാഡമിക സ്വഭാവം
- ഇന്ദിരാ ജയ്‌സിംഗ്
3. ഒരു വ്യക്തിയുടെ മത വിശ്വാസത്തിൽ കോടതിക്ക് ഇടപെടാനാകില്ല
രാജീവ് ധവാൻ