ധീരതയ്ക്ക് മെഡൽ നേടിയ ഡിവൈ.എസ്.പി ദാവിന്ദർ സിംഗ് രാജ്യദ്രോഹം ചെയ്യാൻ വാങ്ങിയത് 12 ലക്ഷം
ജമ്മുകാശ്മീർ: ജമ്മു കാശ്മീരിൽ മൂന്ന് ഹിസ്ബുൾ ഭീകരർക്കൊപ്പം പിടിയിലായ ഡിവൈ.എസ്.പി ദാവിന്ദർ സിംഗ് അവരിൽ നിന്ന് 12 ലക്ഷം രൂപ വാങ്ങി ബനിഹാൾ തുരങ്കം കടത്തിവിടാനുള്ള ശ്രമത്തിലായിരുന്നെന്ന് പൊലീസ് വെളിപ്പെടുത്തി. ജമ്മുവിലെ പിർ പഞ്ചാൽ മലനിരയിലെ റോഡ് തുരങ്കം വഴി അനന്ത്നാഗ് ജില്ലയിലെ ഖ്വാസിഗുണ്ടിലെത്താം. അവിടന്ന് കാശ്മീരിന് പുറത്തു കടന്ന് ഡൽഹിയിലെത്താനായിരുന്നു പദ്ധതി. റിപ്പബ്ളിക് ദിനത്തിനു മുന്നോടിയായി ആക്രമണം നടത്താൻ ഭീകരർ ലക്ഷ്യമിട്ടിരുന്നോയെന്നും പൊലീസ് സംശയിക്കുന്നു.
കീഴടങ്ങാൻ സന്നദ്ധരായ ഹിസ്ബുൾ ഭീകരരെ വാഹനത്തിൽ എത്തിക്കുന്നതിനിടെ തന്നെ പിടികൂടിയെന്നാണ് ചോദ്യം ചെയ്യലിൽ ആദ്യം ഇയാൾ പറഞ്ഞത്. എന്നാൽ, കീഴടങ്ങൽ ഉദ്ദേശ്യമേ തങ്ങൾക്കില്ലായിരുന്നെന്ന് പിടിയിലായ ഭീകരർ വെളുപ്പെടുത്തിയതോടെ ദാവിന്ദറിന്റെ വാദം പൊളിഞ്ഞു.
ശനിയാഴ്ചയാണ് ഹിസ്ബുൾ മുജാഹിദ്ദീൻ ജില്ലാ കമാനഡർ നവീഡ് ബാബു, റാഫി റാത്തർ, ഇർഫാൻ ഷാഫി മിർ എന്നിവർക്കൊപ്പം ജമ്മു-ശ്രീനഗർ ഹൈവേയിൽ സംഘത്തെ പിടികൂടിയത്. ഭീകരരുമായി വന്ന സ്വന്തം വാഹനം ഓടിച്ചിരുന്നത് ദാവിന്ദറായിരുന്നു. ഡിവൈ.എസ്.പി ഓടിക്കുന്ന വാഹനത്തിൽ കൂടുതൽ പരിശോധനകൾ നടത്തില്ലെന്ന പ്രതീക്ഷയിലായിരുന്നു ഇത്. നേരത്തേ, കുറഞ്ഞത് അഞ്ചു തവണയെങ്കിലും ഇയാൾ ഭീകരരെ ബനിഹാൽ തുരങ്കം കടത്തിവിട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.
കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ധീരതയ്ക്ക് രാഷ്ട്രപതിയുടെ മെഡൽ നേടിയ പൊലീസ് ഓഫീസറാണ് രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലാകുന്നത്. ഭീകര വിരുദ്ധ ഓപ്പറേഷനുകൾ നയിച്ചത് മാനിച്ചായിരുന്നു മെഡൽ. ജമ്മു-കാശ്മീർ പൊലീസ് സർവീസിൽ അംഗമായ ഇയാൾക്ക് ഇപ്പോൾ ശ്രീനഗർ വിമാനത്താവളത്തിലാണ് ഡ്യൂട്ടി.
പൊലീസിന്റെ വീട്ടിൽ ഭീകരർക്ക് സുഖവാസം
യാത്ര തിരിക്കുന്നതിനു മുമ്പ് ഭീകരർ ദാവിന്ദറിന്റെ ഔദ്യോഗിക വസതിയിൽ താമസിച്ചിരുന്നെന്ന വിവരത്തെ തുടർന്ന് പൊലീസ് അവിടെ പരിശോധന നടത്തി എ.കെ- 47 റൈഫിളും രണ്ട് പിസ്റ്റളുകളും കണ്ടെടുത്തു. ഭീകരരെ വെള്ളിയാഴ്ച ഷോപിയാനിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന് വീട്ടിൽ പാർപ്പിക്കുകയായിരുന്നു. ആർമി ഹെഡ്ക്വാർട്ടേഴ്സിന് സമീപത്തെ ഈ പ്രദേശവും കനത്ത സുരക്ഷാ വലയത്തിലുള്ളതാണ്. അന്നു രാത്രി അവിടെ തങ്ങിയ ശേഷമാണ് ദാവിന്ദറിനൊപ്പം യാത്ര തുടർന്നത്. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം വെള്ളിയാഴ്ച മുതൽ ദാവിന്ദറിന്റെ നീക്കങ്ങൾ നിരിക്ഷിച്ച് വരികയായിരുന്നു.