"ഇത് എക്കാലത്തെയും മനോഹരമായ സംഗീത ബാൻഡ്" , വീഡിയോ പങ്കുവച്ച് ശങ്കർ മഹാദേവൻ
മൂന്നുകൊച്ചുകുട്ടികൾ ചേർന്ന കുട്ടി സംഗീത ബാൻഡിനെ പരിചയപ്പെടുത്തി ഗായകനും സംഗീത സംവിധായകനുമായ ശങ്കർ മഹാദേവൻ. കുട്ടികൾ ചേർന്ന് പാട്ടു പാടുന്നതിന്റെ വിഡിയോ ആണ് അദ്ദേഹം ആരാധകർക്കായി പങ്കു വച്ചത്. വെറുതെ അങ്ങ് പാടുകയല്ല, പ്രൊഫഷണൽ സംഗീത ബാൻഡുകളെപ്പോലും വെല്ലുന്ന പ്രകടനമാണ് കുട്ടികൾ കാഴ്ചവച്ചിരിക്കുന്നത്.
ഇതിൽ നടുവിൽ നിൽക്കുന്ന കുട്ടി ഗിറ്റാർ വായിക്കുന്നത് പോലെ കൈയിൽ ഒരു വടിയുണ്ട്. ഇരുവശങ്ങളിലുമായി നിൽക്കുന്നവരും കൈയിൽ സംഗീതോപകരണങ്ങൾ പിടിച്ചിരിക്കുന്നതായി സങ്കൽപ്പിക്കുകയാണ്. ബാൻഡ് സംഘത്തിന്റെ പ്രധാനതാരം പാട്ടിന്റെ തുടക്കത്തിൽ ഗിത്താറിന്റെ ശബ്ദം വായകൊണ്ട് ഉണ്ടാക്കുന്നത് വീഡിയോയിൽ കാണാം. മുഖത്തും ശരീര ഭാഷയിലുമെല്ലാം ഒരു റോക്സ്റ്റാറിന്റെ ഭാവവും കാണാം. ഒടുവിൽ കാണികൾക്ക് ഒരു നന്ദി കൂടി പറഞ്ഞുകൊണ്ടാണ് സംഘം പാട്ട് അവസാനിപ്പിക്കുന്നത്. ഗാനാലാപനത്തിനു ശേഷം മൂവരും ചിരിച്ചുകൊണ്ട് നന്ദി പറയുന്നതും വിഡിയോയിൽ കാണാം.
‘ഇത് എക്കാലത്തെയും മനോഹരമായ സംഗീതബാൻഡ് ആണെന്ന് ഞാൻ കരുതുന്നുവെന്ന് വീഡിയോ പങ്കുവച്ചുകോണ്ട് ശങ്കർ മഹാദേവൻ കുറിച്ചു.. അവരുടെ പങ്കാളിത്തം നോക്കൂ. അതിൽ ഒരുപാട് സന്തോഷം തോന്നുന്നു’. മണിക്കൂറുകൾക്കകം തന്നെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കുട്ടികളെ അഭിനന്ദിച്ച് നിരവധിപേരാണ് കമന്റുമായെത്തിയത്.