എൻജിനിയറിംഗ് കോളേജുകളിൽ പുതിയ കോഴ്സുകൾ ഉപാധികളോടെ

Wednesday 15 January 2020 12:00 AM IST
ENGINEERING COLLEGE STUDENTS

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ് കോളേജുകളിൽ പുതിയ കോഴ്സുകൾക്ക് അനുമതി നൽകുന്നത് കർശനമായ ഉപാധികളുടെ അടിസ്ഥാനത്തിൽ മതിയെന്ന് സാങ്കേതിക സർവകലാശാല അക്കാഡമിക് കൗൺസിൽ ശുപാർശ ചെയ്തു.

ഒരു കോഴ്സിനെങ്കിലും എൻ.ബി.എ. അക്രെഡിറ്റേഷനുള്ള കോളേജുകളുടെ അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.. എം.ടെക് കോഴ്സുകളുടെ അനുമതിക്ക് അനുബന്ധ ബി.ടെക് കോഴ്സിന് അക്രെഡിറ്റേഷൻ ഉണ്ടാകണം. പുതിയ കോഴ്സുകൾക്ക് അപേക്ഷിക്കുന്ന കോളേജുകൾക്ക് കഴിഞ്ഞ മൂന്ന് വർഷക്കാലയളവിൽ ശരാശരി 50 ശതമാനം സീറ്റുകളിലെങ്കിലും വിദ്യാർത്ഥി പ്രവേശനം ഉണ്ടാവണം. അതേ കാലയളവിൽ ചുരുങ്ങിയത് 50 ശതമാനം വിജയവും ഉണ്ടാവണം. എ.ഐ.സി.ടി.ഇ അനുമതിക്ക് പുറമേ സംസ്ഥാന സർക്കാരിന്റെ നിരാക്ഷേപപത്രവും സമർപ്പിക്കണം. വ്യാവസായിക പ്രാധാന്യവും ജോലിസാദ്ധ്യതയുമുള്ള കോഴ്സുകൾക്കാവും അനുമതി .

37 കോളേജുകളോട്

വിശദീകരണം തേടും

അക്കാഡമിക് ഓഡിറ്റിംഗ് എൻ.ബി.എ. അക്രെഡിറ്റേഷൻ മാതൃകയിൽ നവീകരിക്കാൻ അക്കാഡമിക് കൗൺസിൽ നിർദേശിച്ചു. സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 142 എൻജിനീയറിംഗ് കോളേജുകളിൽ മുപ്പതോളം കോളേജുകൾക്കേ നിലവിൽ എൻ.ബി.എ. അക്രെഡിറ്റേഷനുള്ളൂ. മുഴുവൻ എൻജിനീയറിംഗ് കോളേജുകൾക്കും അക്രെഡിറ്റേഷൻ ലഭിക്കാൻ പര്യാപ്തമായ രീതിയിൽ അക്കാഡമിക് ഓഡിറ്റിംഗിന്റെ ഘടന പുനഃക്രമീകരിക്കും. ഇക്കഴിഞ്ഞ അക്കാഡമിക് ഓഡിറ്റിംഗിൽ മികവ് പുലർത്താത്ത 37 എൻജിനീയറിംഗ് കോളേജുകളുടോട് വിശദീകരണം ആവശ്യപ്പെടും.

നിശ്ചിത അദ്ധ്യാപക യോഗ്യത സൂചികയില്ലാത്ത കോളേജുകൾക്ക് ന്യൂനതകൾ ഉടനടി പരിഹരിക്കാൻ നിർദേശം നൽകും. ഓഡിറ്റിംഗിൽ തീരെ മികവ് പുലർത്താത്ത 10 കോളേജുകളുടെ ഭൗതിക സാഹചര്യങ്ങൾ വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള യൂണിവേഴ്സിറ്റി സംഘം പരിശോധിക്കും. അപര്യാപ്തതകൾ പരിഹരിച്ചില്ലെങ്കിൽ ഈ കോളേജുകളുടെ അഫിലിയേഷൻ പുനഃപരിശോധിക്കണമെന്ന് സിൻഡിക്കേറ്റിനോട് ശുപാർശ ചെയ്യും. ജനുവരി മൂന്നാം വാരം കൂടുന്ന സിൻഡിക്കേറ്റ് യോഗം ഈ നിർദേശങ്ങൾ പരിഗണിക്കും.

ലാറ്ററൽ എൻട്രിക്ക്

ഡി.വോക് ഡിപ്ലോമയും

എൻജിനീയറിംഗ് പഠനത്തിനുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഡി.വോക് വൊക്കേഷണൽ ഡിപ്ലോമയുള്ളവരെയും പരിഗണിക്കാൻ അക്കാഡമിക് കൗൺസിൽ തീരുമാനിച്ചു. . .

സാങ്കേതിക സർവകലാശാലയുടെ എല്ലാ കോഴ്സുകളിലും വ്യാവസായിക പ്രാധാന്യമുള്ള നവീന വിഷയങ്ങൾ അനുബന്ധമായി ഉൾപ്പെടുത്തും . ഇതിനായി പ്രൊ വൈസ് ചാൻസലർ കൺവീനറായി നാലംഗ അക്കാഡമിക് സബ് കമ്മിറ്റി രൂപീകരിച്ചു. സിലബസ് നവീകരണത്തിനുള്ള കരിക്കുലം കമ്മിറ്റികളിൽ അദ്ധ്യാപർക്കൊപ്പം വ്യാവസായിക രംഗത്തെ സാങ്കേതിക വിദഗ്ദ്ധരെയും ഉൾപ്പെടുത്തും. നീതിപൂർവമായ മൂല്യനിർണ്ണയം ഉറപ്പ് വരുത്താൻ വ്യവസ്ഥകൾക്ക് വിധേയമായി വിദ്യാർത്ഥികൾക്ക് ഒരവസരം കൂടി നൽകുന്ന റിവ്യൂ സംവിധാനം ഏർപ്പെടുത്തും.