'ഓർത്തുകളിച്ചോ, ഓർമയില്ലേ ഗുജറാത്ത്': കടകൾ അടച്ചതിന് വിരോധം കാട്ടാൻ മതവിദ്വേഷം, ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസ്, വീഡിയോ

Tuesday 14 January 2020 10:02 PM IST

കോഴിക്കോട്: കുറ്റ്യാടിയിൽ നടത്തിയ പ്രകടനത്തിനിടെ പ്രകോപനപരമായ തരത്തിൽ മുദ്രാവാക്യം വിളിച്ചതിന് ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസ് എടുത്തു. മതസപർദ്ധ വളർത്തൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ടുള്ള വിശദീകരണ പരിപാടി, 'ദേശരക്ഷാ മാർച്ച്' ആരംഭിക്കുന്നതിന് മുൻപ് സ്ഥലത്തെ വ്യാപാരികൾ തങ്ങളുടെ കടകൾ അടച്ചതിന് പിന്നാലെയായിരുന്നു ബി.ജെ.പി പ്രവർത്തകർ പാർട്ടിയുടെ കൊടികളുമേന്തി അസഭ്യവും, വിദ്വേഷവും പ്രകടമാകുന്ന വാചകങ്ങൾ മുദ്രാവാക്യങ്ങളായി വിളിച്ചുകൊണ്ട് പ്രകടനം നടത്തിയത്.

കുറ്റ്യാടി ബി.ജെ.പി മണ്ഡലം കമ്മിറ്റിയാണ് പ്രകടനം നയിച്ചത്. ബി.ജെ.പി ജനറൽ സെക്രട്ടറി എം.ടി രമേശ് ജാഥ ഉദ്ഘാടനം ചെയ്തു.'ഉമ്മപ്പാൽ കുടിച്ചെങ്കിൽ, ഇറങ്ങിവാടാ പട്ടികളെ, ഓർമയില്ലേ ഗുജറാത്ത്' എന്നും മറ്റുമുള്ള അങ്ങേയറ്റം വിദ്വേഷപരമായ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടാണ് ഇവർ ജനങ്ങൾക്കിടയിലൂടെ നടന്നുനീങ്ങിയത്, പൊലീസിന്റെ സാന്നിദ്ധ്യത്തിൽ നടന്ന പ്രകടനത്തിൽ മുസ്ലിം ലീഗിനെതിരെയും മോശമായ പ്രതികരണമാണ് ബി.ജെ.പിക്കാർ നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു.