എ.എസ്.ഐയെ വെടിവെച്ചു കൊന്ന മുഖ്യപ്രതികൾ ഉഡുപ്പിയിൽ പിടിയിൽ
തിരുവനന്തപുരം: കളിയിക്കാവിള ചെക്ക്പോസ്റ്റിൽ തമിഴ്നാട് എ.എസ്.ഐ വിൽസണെ വെടിവച്ചുകൊന്ന കേസിലെ മുഖ്യ പ്രതികളായ അബ്ദുൾ ഷമീം, തൗഫീക്ക് എന്നിവർ ആറാംനാൾ പൊലീസ് പിടിയിലായി. കർണാടകയിലെ ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽനിന്ന് ഇന്നലെ ഉച്ചയോടെ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചും തമിഴ്നാട് ക്യൂ ബ്രാഞ്ചും ചേർന്നാണ് പിടികൂടിയത്.
ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച പ്രതികളെ തമിഴ്നാട് പൊലീസിന് കൈമാറി.
സംഭവശേഷം കർണാടകത്തിലേക്കു കടന്ന പ്രതികൾ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ച ശേഷം അവിടംവിടാനുള്ള ശ്രമത്തിലായിരുന്നു. അബ്ദുൾ ഷമീമിനും തൗഫീക്കിനും തോക്ക് എത്തിച്ചുനൽകിയ ഇജാസ് പാഷയെ ഇന്നലെ ബംഗളൂരു പൊലീസ് പിടികൂടിയിരുന്നു. നിരോധിത തീവ്രവാദ സംഘടനയായ അൽ ഉലമയുടെ പുതിയ രൂപമായ തമിഴ്നാട് നാഷണൽ ലീഗിന്റെ പ്രവർത്തകൻ ഇജാസിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഒളിവിൽപോയ ശേഷം ഇരുവരും ഉപയോഗിച്ചിരുന്ന രഹസ്യ ഫോൺ നമ്പർ ഇജാസിൽനിന്നു ബംഗളൂരു പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് ടവർ നിരീക്ഷിച്ച് നടത്തിയ അന്വേഷണമാണ് ഇവരെ പിടികൂടാൻ സഹായിച്ചതെന്നാണ് വിവരം. ഇജാസ് പാഷയെ കൂടാതെ അനീസ്, സഹീദ്, ഇമ്രാൻ ഖാൻ, സലിം ഖാൻ എന്നിവരെയും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഷമീമും തൗഫീക്കും തമിഴ്നാട് നാഷണൽ ലീഗിന്റെ പ്രവർത്തകരാണെന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് ഇരുവരുടെയും തീവ്രവാദബന്ധം സ്ഥിരീകരിച്ചത്.
വെടിവയ്പിന് രണ്ട് ദിവസം മുമ്പും (7, 8 തീയതികളിൽ) സംഭവദിവസം രാത്രി 8.30നും പ്രതികൾ നെയ്യാറ്റിൻകരയിലെത്തിയതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്ക് കേരളത്തിലും സഹായികൾ ഉണ്ടെന്നാണ് നിഗമനം. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയശേഷം തെളിവെടുപ്പിന് എത്തിക്കും. കേരളത്തിൽ പ്രതികളെ സഹായിച്ചവരെ അറസ്റ്റുചെയ്യുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചിരുന്നു. കഴിഞ്ഞ എട്ടിന് രാത്രി 9.20 ഓടെയാണ് കളിയിക്കാവിള മാർക്കറ്റ് റോഡ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലായിരുന്ന വിൽസണെ പ്രതികൾ വെടിവച്ചു കൊലപ്പെടുത്തിയത്.