മകര സംക്രമപൂജയുടെ ധന്യതയിൽ പൊന്നമ്പലമേട്ടിൽ ഇന്ന് മകരവിളക്ക്

Wednesday 15 January 2020 1:59 AM IST

sabarimala women entry

ശബരിമല: ഭക്തലക്ഷങ്ങൾക്ക് ദർശനപുണ്യമേകി പൊന്നമ്പലമേട്ടിൽ ഇന്ന് മകരജ്യോതി തെളിയും. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമി മറ്റൊരു ദിവ്യദർശനമാകും. രണ്ടു മുഹൂർത്തങ്ങളുടെയും സൗഭാഗ്യം ഏറ്റുവാങ്ങാൻ എത്തിയ ഭക്തരെക്കൊണ്ട് മലമുകൾ നിറഞ്ഞു. ഇന്ന് പുലർച്ചെ നടന്ന സംക്രമപൂജയുടെ നിറവിലാണ് ശബരീശസന്നിധി. തന്ത്രിയുടെ കാർമ്മികത്വത്തിൽ പുലർച്ചെ 2.09 ന് മകരസംക്രമപൂജയും സംക്രമാഭിഷേകവും നടത്തി. കവടിയാർ കൊട്ടാരത്തിൽ നിന്ന് പ്രത്യേക ദൂതൻ വശം കൊണ്ടുവന്ന അയ്യപ്പ മുദ്രയയിലെ നെയ്യാണ് സംക്രമ വേളയിൽ അഭിഷേകം ചെയ്തത്.

പന്തളത്തുനിന്നുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ട് ശരംകുത്തിയിലെത്തും.

തിരുവാഭരണ ഘോഷയാത്രയെ ശബരിമല ദേവസ്വം എക്‌​സിക്യൂട്ടീവ് ഓഫീസർ വി.എസ്. രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിൽ സ്വീകരിച്ച് സന്നിധാനത്തെത്തിക്കും.

പതിനെട്ടാംപടി കയറിയെത്തുന്ന തിരുവാഭരണ പേടകത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, അംഗങ്ങളായ വിജയകുമാർ, കെ.എസ്. രവി, സ്‌​പെഷ്യൽ കമ്മിഷണർ മനോജ് എന്നിവർ സ്വീകരിച്ച് സോപാനത്തേക്കാനയിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി സുധീർനമ്പൂതിരിയും ചേർന്ന് തിരുവാഭരണ പേടകങ്ങൾ ഏറ്റുവാങ്ങി അയ്യപ്പന് ചാർത്തി ദീപാരാധന നടത്തും. ഈ സമയം ആകാശത്ത് മകര നക്ഷത്രവും കിഴക്ക് പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയും.

തിരുമുറ്റത്തും പരിസരപ്രദേശങ്ങളിലും മകരജ്യോതി ദർശനത്തിനെത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുമുറ്റത്തേക്ക് സ്റ്റാഫ് ഗേറ്റ് വഴി മാത്രമാകും പ്രവേശനം. വൻ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകൾ ഇന്നലെ പൂർത്തിയായി. പമ്പാനദിയെ ദീപാലംകൃതമാക്കി ഇന്നലെ നടന്ന പമ്പവിളക്കിലും പമ്പാസദ്യയിലും ആയിരക്കണക്കിന് അയ്യപ്പഭക്തർ പങ്കെടുത്തു.