വേജ് കോഡ് തൊഴിലാളികളെ അടിമകളാക്കും: തമ്പാൻ തോമസ്
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വേജ് കോഡ് തൊഴിലാളികളെ അടിമകളാക്കുന്നതാണെന്ന് എച്ച്.എം.എസ് സംസ്ഥാന പ്രസിഡന്റ് തമ്പാൻ തോമസ് പറഞ്ഞു. തൊഴിലാളികൾക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങളും സംരക്ഷണവും വേജ് കോഡ് വരുന്നതോടെ നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. നോൺ ജേർണലിസ്റ്റ്സ് പെൻഷണേഴ്സ് യൂണിയൻ (കേരള) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രസ് ക്ളബിൽ നടന്ന വേജ് കോഡ് വെല്ലുവിളിയോ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു തമ്പാൻ തോമസ്.
തൊഴിലാളികളെ അടിമകളാക്കുന്ന ഈ സമ്പ്രദായം കോർപറേറ്റുകൾക്ക് വേണ്ടിയുള്ളതാണ്.
എൻ.ജെ.പി.യു സംസ്ഥാന പ്രസിഡന്റ് പി.ദിനകരൻ അദ്ധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ വിഷയം അവതരിപ്പിച്ചു. ബി.എം.എസ് സംസ്ഥാന അദ്ധ്യക്ഷൻ കെ.കെ.വിജയകുമാർ, കെ.യു.ഡബ്ല്യു.ജെ കെ.പി.റെജി, കെ.എൻ.ഇ.എഫ് സംസ്ഥാന സെക്രട്ടറി സി.മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. എൻ.ജെ.പി.യു സംസ്ഥാന ജനറൽ സെക്രട്ടറി വി.ബാലഗോപാൽ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എൻ.ലതാനാഥൻ നന്ദിയും പറഞ്ഞു.