സ്വാമിയേ ശരണമയ്യപ്പാ... ഭക്തനിർഭരമായി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു
ശബരിമല : ശരണമന്ത്രങ്ങളുമായി കാത്തുനിന്ന ഭക്തലക്ഷങ്ങൾക്ക് ദർശന പുണ്യമേകി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ഈ അപൂർവ കാഴ്ചകൾ കണ്ട് പുണ്യം നേടാൻ ലക്ഷക്കണക്കിന് ഭക്തരാണ് സന്നിധാനത്തും പുറത്തു എത്തിയത്. പന്തളത്തുനിന്നുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള സംഘം 6: 41ന്നോടെ സന്നിധാനത്തെത്തി. തിരുവാഭരണം ചാർത്തിയുള്ള ഭഗവാന്റെ ദീപാരാധന കഴിഞ്ഞ് നിമിഷങ്ങൾക്കകം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു.
പന്തളത്തുനിന്നെത്തിയ തിരുവാഭരണങ്ങളുമായി എത്തിയ 25 അംഗസംഘത്തെ ശരം കുത്തിയിൽവെച്ച് തന്ത്രി നിയോഗിച്ച സംഘം സ്വീകരിച്ചു. തുടർന്ന് തീവട്ടികളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ സന്നിധാനത്തെത്തി. 18-ാം പടിക്ക് മുകളില്‍ വെച്ച് ദേവസ്വം അധികൃതർ തിരുവാഭരണ പേടകം ഏറ്റുവാങ്ങി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എൻ. വാസു എന്നിവർ സന്നിധാനത്തെത്തിയിരുന്നു.