കോംഗോ പനി: നിലവിൽ ആശങ്കയില്ല: പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്;
തൃശൂർ: കോംഗോ പനി ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നയാളുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണെന്നും രോഗിയുമായി അടുത്തിടപഴകിയ ഇരുപതോളം പേരെ നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. തിങ്കളാഴ്ചയാണ് മണിപ്പാലിലും പൂനെയിലുമുള്ള ലാബിലേക്ക് രോഗിയുടെ രക്തസാമ്പിളുകൾ വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചത്. നെഗറ്റീവ് ആണെങ്കിൽ ഫലം പുറത്തുവരാൻ സാധാരണ വൈകാറുണ്ട്. പോസിറ്റീവ് ആണെങ്കിൽ ഉടൻ ലഭിക്കും.
കോംഗോ പനി സംബന്ധിച്ച് ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഡി.എം.ഒ ഡോ. കെ.ജെ. റീന പറഞ്ഞു. രോഗിയുമായി ഇടപഴകിയവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ അറിയിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. രോഗി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ പ്രത്യേക മുറിയിലാണ്. രോഗിയുമായി ഇടപെട്ട ആശുപത്രി ജീവനക്കാരെയും നിരീക്ഷിക്കുന്നുണ്ട്. വായുവിലൂടെ രോഗം പകരില്ല. രക്തത്തിലൂടെയോ സ്രവത്തിലൂടെയോ മാത്രമേ പകരുകയുള്ളു. യു.എ.ഇയിൽ അറവുശാലയിൽ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശിയാണ് ചികിത്സ തേടിയത്.
ദുബായിൽ നിന്നെത്തിയ ഇയാളെ മൂത്രാശയ അണുബാധ കണ്ടാണ് ചികിത്സയ്ക്ക് വിധേയനാക്കിയത്. നിലവിൽ കോംഗോ പനി ഇല്ല. സാമ്പിൾ നെഗറ്റീവ് ആണെന്ന് ഒരിക്കൽ കൂടി ഉറപ്പാക്കിയാൽ രോഗിക്ക് ആശുപത്രി വിടാനാകും.