ഭക്തസഹസ്രങ്ങൾ വിസ്മയപൂരം, ശ്രീപദ്മനാഭന് ലക്ഷദീപം
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെയും പദ്മതീർത്ഥത്തെയും പ്രോജ്ജ്വലിപ്പിച്ച് ഇന്നലെ ലക്ഷദീപം തെളിഞ്ഞു. ആറു വർഷത്തിലൊരിക്കൽ നടക്കുന്ന ആചാരപ്രധാനമായ മുറജപത്തിന് സമാപനം കുറിച്ചാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇന്നലെ ലക്ഷദീപം തെളിഞ്ഞത്. ദീപക്കാഴ്ചയ്ക്കായി പതിനായിരങ്ങൾ ക്ഷേത്രത്തിൽ എത്തി. 56 ദിവസമായി നടന്നുവന്ന മുറജപത്തിന് സമാപനം കുറിച്ചുകൊണ്ടുളള്ള മകര ശീവേലിയും രാത്രി നടന്നു.
ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിലെ വൈദ്യുത വിളക്കുകളാണ് ആദ്യം തെളിഞ്ഞത്. പിന്നാലെ മറ്റു നടകളിലെ വൈദ്യുത വിളക്കുകളും വെളിച്ചം ചൊരിഞ്ഞു. ക്ഷേത്രത്തിനകത്തെ കമ്പവിളക്കുകൾ, ശ്രീകോവിലിനു ചുറ്റുമുള്ള അഴിവിളക്കുകൾ, ആയിരക്കണക്കിന് മൺചെരാതുകൾ, പല ദിശകളിലായി കറങ്ങുന്ന എണ്ണവിളക്കു ഗോപുരം എന്നിവയും തെളിഞ്ഞതോടെ ക്ഷേത്രം പ്രഭാപൂരിതമായി. പത്മതീർത്ഥക്കരയിലും ചെരാതുകളും അലങ്കാരദീപങ്ങളും തെളിഞ്ഞു.
രാത്രി 8.30 മുതൽ മുറജപത്തിന്റെ ഏഴാമത്തെതും അവസാനത്തേതുമായ മുറയുടെ സമാപനം സൂചിപ്പിച്ചുകൊണ്ടുള്ള മുറശീവേലി നടന്നു. സ്വർണനിർമ്മിതമായ ഗരുഡ വാഹനത്തിലാണ് ശ്രീപദ്മനാഭസ്വാമിയെ എഴുന്നള്ളിച്ചത്. വെള്ളിയിലുള്ള ഗരുഡ വാഹനങ്ങളിൽ തെക്കേടം നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും എഴുന്നള്ളിച്ചു. ആചാരപ്രകാരം ആനകൾ, അപ്പക്കാള, ചെല്ലക്കുതിര, പുറംതളിക്കാർ, കൊടിതോരണങ്ങളേന്തിയ ബാലന്മാർ, ക്ഷേത്രസ്ഥാനി, രാജകുടുംബാംഗങ്ങൾ തുടങ്ങിയവർ അകമ്പടി ചേർന്നു. ശീവേലിപ്പുരയ്ക്കു ചുറ്റും നിന്ന് ഭക്തർ മകര ശീവേലി തൊഴുതു.