അമ്മയുടെ കണ്ണ് തെറ്റിയപ്പോൾ റോഡിലിറങ്ങിയ പിഞ്ചുകുഞ്ഞ് കാറിടിച്ച് മരിച്ചു

Thursday 16 January 2020 2:06 AM IST

ആലപ്പുഴ: വീട്ടുമുറ്റത്ത് നിന്ന് റോഡിലേക്ക് മുട്ടിലിഴ‌ഞ്ഞിറങ്ങിയ പിഞ്ചുകുഞ്ഞിന് കാറിടിച്ച് ദാരുണാന്ത്യം. ആലപ്പുഴ നഗരസഭ സനാതനം വാർഡിൽ സായികൃപ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രാഹുൽ ജി.കൃഷ്ണ - കാർത്തിക ദമ്പതികളുടെ മകൾ ഒമ്പതു മാസം പ്രായമുള്ള ശിവാംഗിയാണ് (പൊടി) മരിച്ചത്.

ഇന്നലെ വൈകിട്ട് 6.15ന് കാർത്തിക സന്ധ്യാദീപം കൊളുത്തിക്കൊണ്ടിരുന്നതിവനിടെയാണ് ശിവാംഗി

വീടിന് മുന്നിലെ റോഡിലേക്ക് ഇഴ‌ഞ്ഞു നീങ്ങിയത്.

ഈ സമയം, വളവ് തിരിഞ്ഞെത്തിയ കാർ കുഞ്ഞിനെ ഇടിച്ച് തെറിപ്പിച്ചു. കുട്ടിയെ കാണാതെ റോഡിലേക്ക് അന്വേഷിച്ചെത്തിയ കാർത്തിക ഇതു കണ്ടുകൊണ്ടാണ് വന്നത്. സമീപത്തെ വീട്ടുകാരാണ് കാറിലുണ്ടായിരുന്നത്. അപക‌ടമുണ്ടാക്കിയ കാറിൽ തന്നെ കുഞ്ഞിനെ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

സംഭവസമയം കാർത്തിക മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.രാഹുൽ ആട്ടോറിക്ഷ ഡ്രൈവറാണ്. മൂന്നര വയസുള്ള ശികന്യയാണ് മറ്റൊരു മകൾ. കരളകം പാടത്തിന്റെ സമീപവാസികളായ ദമ്പതികൾ 18 മാസം മുമ്പാണ് ഇവിടെ താമസത്തിനെത്തിയത്. പൊലീസ് കേസെടുത്തു.