2020 ജീവിതത്തിലെ ഭാഗ്യവർഷമാക്കാം, സമ്പന്നനാവാൻ ശീലമാക്കാം ഈ കാര്യങ്ങൾ
ജീവിതലക്ഷ്യങ്ങൾ നേടാൻ കൈയ്യിൽ കാശുണ്ടാവുക അത്യാവശ്യമാണ്. എന്നാൽ മനുഷ്യസഹജമായ ആഗ്രഹങ്ങൾ നിമിത്തം സമ്പാദിക്കുന്ന പണം ഒരു വഴിയിൽ അല്ലെങ്കിൽ മറ്റൊരു ആവശ്യത്തിനായി ചെലവാക്കുന്നവരാണ് നമ്മളിലധികവും. എന്നാൽ ചിലർ കൈയ്യിൽ കാശുണ്ടെങ്കിലും അത് ഫലപ്രദമായി വിനിയോഗിക്കാൻ അറിയാത്തതും സമ്പത്ത് വർദ്ധനയ്ക്കുള്ള മാർഗം അടയ്ക്കുന്നു. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ 2020 നെ ജീവിതത്തിലെ ഭാഗ്യവർഷമാക്കാം ആ സൂത്രങ്ങളിതാണ്
പ്ലാനിംഗ്
രാജ്യത്തിനും,വ്യാപാര സ്ഥാപനങ്ങൾക്കുമുള്ളത് പോലൊരു ബഡ്ജറ്റ് വ്യക്തികളും ശീലമാക്കണം. കൃത്യമായ പ്ലാനിംഗ് ഉണ്ടെങ്കിൽ മാത്രമേ ദുർവ്യയങ്ങൾ ഒഴിവാക്കാനാവു. ഇതുപോലെ തന്നെ അത്യാവശ്യ കാര്യങ്ങൾക്ക് അതായത് ചികിത്സ തുടങ്ങിയ കാര്യങ്ങൾക്കായി നിശ്ചിത തുക മാറ്റിവയ്ക്കാനുമാവും. ചെലവുകൾക്കു ശേഷം ഭാവിയിലേക്കായി നീക്കി വയ്ക്കാൻ എത്ര തുകയുണ്ടാവും എന്നും കൃത്യമായ പ്ലാനിംഗിലൂടെ മുൻകൂട്ടി കാണാനാവും.
എവിടെ നിക്ഷേപിക്കണം
കൃത്യമായ പ്ലാനിംഗിലൂടെ മിച്ചം പിടിക്കുന്ന തുക എന്ത് ചെയ്യും എന്നതും ഒരാളുടെ പണസമ്പാദനത്തെ സ്വാധീനിക്കുന്നുണ്ട്. മിച്ചം പിടിക്കുന്ന തുക സേവിംഗ്സ് അക്കൗണ്ടിൽ തന്നെ സൂക്ഷിക്കുന്ന നിരവധി പേരുണ്ട്. എന്നാൽ ഇത് ചെറിയ ആവശ്യങ്ങൾക്കു പോലും തുക എടുത്ത് ചെലവാക്കാൻ പ്രേരിപ്പിക്കും. അതുപോലെ നാമമാത്രമായ പലിശ മാത്രമേ ബാങ്കുകൾ നൽകാറുമുള്ളു. ഇനി ഈ തുക നിശ്ചിത നാളത്തേയ്ക്ക് ഫിക്സഡ് ഡിപ്പോസിറ്റായി മാറ്റുന്നവരും ഉണ്ട്. എന്നാൽ മുൻവർഷങ്ങളേക്കാൾ അടുത്തിടെ സ്ഥിരനിക്ഷേപങ്ങൾക്ക് പലിശ നിരക്ക് ബാങ്കുകൾ ഗണ്യമായി കുറയ്ക്കുന്ന രീതിയാണ് കണ്ടുവരുന്നത്. കൃത്യമായ വിശ്വസ്തമായ ഉപദേശം സ്വീകരിച്ച് പണം മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതും ഉത്തമമാണ്. യുവാക്കൾക്കിടയിൽ ഈ പ്രവണ കൂടുതലാണ്. അധികം പണം കൈയ്യിലെത്തുമ്പോൾ സ്വർണം വാങ്ങി സൂക്ഷിക്കുന്നവരുമുണ്ട്. സ്വർണത്തെ നിക്ഷേപമായി കാണുന്നവർ സ്വർണനാണയങ്ങൾ വാങ്ങുന്നതാണ് ഉത്തമം.
കൂടുതൽ സമ്പാദിക്കാം
ആരോഗ്യമുള്ളപ്പോൾ സമയം വെറുതെ പാഴാക്കാതെ കൂടുതൽ സമ്പാദിക്കുവാൻ നീക്കിവയ്ക്കാവുന്നതാണ്. ഓഫീസ് ജോലി കഴിഞ്ഞും ദിവസവും രണ്ടോ മൂന്നോ മണിക്കൂറുകൾ ഉള്ളവർക്ക് ഓൺലൈനിലൂടെ പണം സമ്പാദിക്കാവുന്നതാണ്. ഓൺലൈൻ ട്യൂഷൻ പോലെ നിരവധി പാർട് ടൈം തൊഴിലുകൾ ടെക് ലോകത്ത് ലഭ്യമാണ്. പ്രഥാന വരുമാന സ്രോതസിനൊപ്പം ഇത്തരത്തിൽ പണം നേടാനാവുന്നത് ജീവിത ചെലവുകളെ പിടിച്ചുകെട്ടാനും സഹായിക്കും.
നികുതി ലാഭിക്കാനും വഴിയുണ്ട്
സ്ഥിരവരുമാനക്കാർക്ക് നികുതിയായി നല്ലൊരു സംഖ്യ നൽകേണ്ടിവരും, എന്നാൽ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവിന് നികുതി ദായകരായ എല്ലാ പൗരൻമാരും അർഹരാണ്. ഇൻഷുറൻസ് പ്രീമിയമടച്ചും. സ്ഥിര നിക്ഷേപങ്ങൾ നടത്തിയും, സർക്കാർ ഫണ്ടുകളിൽ നിക്ഷേപിച്ചുമെല്ലാം ഈ ആനുകൂല്യം കരസ്ഥമാക്കാവുന്നതാണ്.
ചെലവ് ചുരുക്കാൻ വഴികൾ തേടാം
വരുമാനം ഉയർത്താനുള്ള പ്രധാനവഴി ചെലവ് ചുരുക്കുക എന്നതാണ്. ഷോപ്പിംഗിൽ ശ്രദ്ധ നൽകിയാൽ ചെലവാക്കുന്ന തുക കുറയ്ക്കാനാവും. ഓഫറുകൾ പരമാവധി ഉപയോഗപ്പെടുത്തിയും, അനാവശ്യ വസ്തുക്കൾക്കായി തുക ചെലവാക്കാതെയും ചെലവ് ചുരുക്കാനാവും. 2020 ജീവിതത്തിലെ നിർണായക വർഷമാക്കാൻ സ്വന്തമായി ഒരു പ്ലാൻ ആസൂത്രണം ചെയ്യേണ്ടത് ആവശ്യമാണ്.