റിലയൻസ് ഇൻഡസ്‌ട്രീസിന് ₹11,640 കോടി ലാഭം

Saturday 18 January 2020 6:23 AM IST

മുംബയ്: ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസ് നടപ്പു സാമ്പത്തിക വർഷത്തെ ഒക്‌ടോബർ-ഡിസംബർ പാദത്തിൽ 13.55 ശതമാനം വർദ്ധനയോടെ 11,640 കോടി രൂപയുടെ ലാഭം നേടി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 10,251 കോടി രൂപയായിരുന്നു. റീട്ടെയിൽ, ടെലികോം വിഭാഗങ്ങളുടെ മികച്ച പ്രകടനമാണ് കമ്പനിക്ക് കരുത്താകുന്നത്.

അതേസമയം, കമ്പനിയുടെ പ്രവർത്തന വരുമാനം 1.71 ലക്ഷം കോടി രൂപയിൽ നിന്ന് 1.4 ശതമാനം താഴ്‌ന്ന് 1.68 ലക്ഷം കോടി രൂപയായി. റീട്ടെയിൽ വിഭാഗത്തിൽ നിന്നുള്ള വരുമാനം 27 ശതമാനവും റിലയൻസ് ജിയോയിൽ നിന്നുള്ളത് 28 ശതമാനവും ഉയർന്നു. ഓരോ ബാരൽ ക്രൂഡോയിലും സംസ്‌കരിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം (ജി.ആർ.എം) 8.8 ഡോളറിൽ നിന്ന് 9.2 ഡോളറായി വർദ്ധിച്ചു.

ജിയോയുടെ ലാഭം

62.45% ഉയർന്നു

റിലയൻസ് ജിയോയുടെ ലാഭം 62.45 ശതമാനം ഉയർന്ന് 1,350 കോടി രൂപയിലെത്തി. 2018ലെ സമാനപാദത്തിൽ ലാഭം 831 കോടി രൂപയായിരുന്നു. എന്നാൽ, ഓരോ ഉപഭോക്താവിൽ നിന്നുമുള്ള ശരാശറി വരുമാനം (എ.ആർ.പി.യു) 130 രൂപയിൽ നിന്ന് 128.40 രൂപയായി താഴ്‌ന്നു.