വാർഡ് വിഭജന ഓർഡിനൻസിന് മറ്റു ലക്ഷ്യം ,​ മുഖ്യമന്ത്രി ചട്ടം ലംഘിച്ചു: പോര് മുറുക്കി ഗവർണർ

Saturday 18 January 2020 12:17 AM IST

ന്യൂഡൽഹി:ഭരണഘടനാപരമായ അധികാരങ്ങളെ ചൊല്ലി സംസ്ഥാന സർക്കാരുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ചു കൊണ്ട്, മുഖ്യമന്ത്രി പിണറായി വിജയൻ ചട്ടലംഘനം നടത്തിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുറന്നടിച്ചു. ഭരണഘടനാ തത്ത്വങ്ങളും നിയമവും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് ഗവർണറാണ്. ഗവർണറുടെ ചുമതല സംബന്ധിച്ച് വ്യക്തമായ ചട്ടങ്ങളും സുപ്രീംകോടതി വിധികളുമുണ്ട്. തന്നെ റബ്ബർ സ്റ്റാമ്പ് ആക്കാൻ ശ്രമിക്കരുത് - ഗവർണർ പറഞ്ഞു.

വ്യാഴാഴ്‌ച തിരുവനന്തപുരത്ത് നടത്തിയ വിമർശനങ്ങളുടെ തുടർച്ച പോലെ ഇന്നലെ ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേ മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും നിശിതമായാണ് അദ്ദേഹം വിമർശിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ആവർത്തിച്ച ഗവർണർ, വാർഡ് വിഭജന ഒാർഡിനൻസിനു പിന്നിൽ മറ്റു ലക്ഷ്യങ്ങളുണ്ടെന്നും ആരോപിച്ചു.

വ്യക്തമായ ചട്ടലംഘനം

ചട്ടപ്രകാരം ഹൈക്കോടതികളിലെയും സുപ്രീംകോടതിയിലെയും കേസുകൾ, നിയമസഭ വിളിച്ചു ചേർക്കൽ, കുറ്റവാളികളുടെ വിവരങ്ങൾ എന്നിവ ഗവർണറെ അറിയിച്ച് തുടർ നടപടികൾക്ക് അനുമതി തേടേണ്ടതാണ്. ഈ വിഷയങ്ങളിൽ മുഖ്യമന്ത്രി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ചട്ടത്തിലുണ്ട്. നേരിട്ടോ മന്ത്രിമാർ വഴിയോ ഉദ്യോഗസ്ഥർ വഴിയോ അതു ചെയ്യണം. സർക്കാർ തലവൻ എന്ന നിലയിൽ മുഖ്യമന്ത്രിയുടെ ചുമതലയാണത്. അനുമതിയില്ലാതെ സർക്കാരിന് ഉത്തരവിറക്കാൻ അധികാരമില്ല. കേരളത്തിൽ വ്യക്തമായ ചട്ടലംഘനമാണ് നടന്നത്.