ജിദ്ദയിലെ കാർഡിയോളജി സമ്മേളനത്തിൽ മെഡിട്രിനയുടെ ലൈവ് ആൻജിയോപ്ളാസ്റ്റി
കൊല്ലം: അയത്തിൽ മെഡിട്രിന ആശുപത്രിയിൽ നിന്ന് കൊറോണറി ആൻജിയോപ്ളാസ്റ്റിയുടെ ലൈവ് വർക്ക്ഷോപ്പ് സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കുന്ന ഹൃദ്രോഗ വിദഗ്ദ്ധരുടെ രാജ്യാന്തര സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. സൗദി അറേബ്യ, ദുബായ്, ഒമാൻ, ഷാർജ, അബുദാബി, മസ്കറ്റ് എന്നീ അറബ് രാജ്യങ്ങളിൽ നിന്നുള്ള നാനൂറോളം ഹൃദ്രോഗവിദഗ്ദ്ധരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ബലൂൺ ആൻജിയോപ്ളാസ്റ്റിയിൽ, നൂറു ശതമാനം അടവുകളുള്ള രക്തക്കുഴലുകളിൽ പ്രധാനമായും രോഗിയുടെ ഹൃദയത്തിന്റെ ഇടതുശത്തെ പൂർണമായും അടഞ്ഞ രക്തക്കുഴലിലെ ബ്ളോക്ക്, വലതുവശത്തെ ചെറിയ രക്തക്കുഴൽ വഴി കയറി ബ്ളോക്ക് മാറ്റുന്നത് പരിശീലിപ്പിക്കുകയും, അതിസങ്കീർണ ബലൂൺ ശസ്ത്രക്രിയയുടെ നൂതന മാർഗങ്ങൾ ഡോക്ടർമാരെ പരിശീലിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. ഇന്ത്യയിൽ നിന്ന് മെഡിട്രിന ആശുപത്രിക്കു മാത്രമാണ് ലൈവ് ഡെമോൺസ്ട്രേഷന് അവസരം ലഭിച്ചത്.
മെഡിട്രിന കാർഡിയോളജി വിഭാഗം മേധാവിയും ചീഫ് ഇന്റർവെൻഷണൽ കാർജിയോളജിസ്റ്റുമായ ഡോ. എൻ. പ്രതാപ്കുമാർ, കാർഡിയോളജിസ്റ്റുമാരായ ഡോ. മനു, ഡോ. സ്റ്റാൻലി റോയ്, ഡോ. ബ്ളെസ്സവിൻ ജിനോ, ഡോ. സന്ദീപ് ജോർജ്എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയാ പരിശീലനം നടത്തിയത്.