ബി.ഐ.എസ് ഹാൾമാർക്കിംഗ്: ഉപഭോക്താവിന്റെ കൈവശമുള്ള സ്വർണത്തിന് ബാധകമല്ല

Sunday 19 January 2020 5:15 AM IST

കൊച്ചി: കേന്ദ്രസർക്കാർ സ്വർണാഭരണങ്ങൾക്ക് പരിശുദ്ധി ഉറപ്പ് വരുത്തുന്ന ബി.ഐ.എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കിയതോടെ, ഉപഭോക്താക്കൾ നേരിടുന്നത് വലിയ ആശങ്ക. തലമുറകളായി കൈമാറി ലഭിച്ചതും നേരത്തേ വാങ്ങിയതുമായ ബി.ഐ.എസ് ഹാൾമാർക്കിംഗ് ഇല്ലാത്ത സ്വർണാഭരണങ്ങൾ എന്തു ചെയ്യുമെന്നതാണ് പ്രധാന ചോദ്യം.

എന്നാൽ, ആശങ്ക വേണ്ട.

 ഉപഭോക്താക്കളുടെ കൈവശമുള്ള സ്വർണാഭരണങ്ങൾക്ക് ബി.ഐ.എസ് ഹാർമാർക്കിംഗ് നിബന്ധന ബാധകമല്ല. സ്വർണക്കടയിൽ വിറ്റഴിക്കുന്ന സ്വർണാഭരണങ്ങൾക്കാണ് ബി.ഐ.എസ് നിബന്ധന ബാധകം.

 2021 ജനുവരി 15 മുതൽ ബി.ഐ.എസ് ഹാൾമാർക്കിംഗ് മുദ്ര‌യില്ലാത്ത സ്വർണാഭരണങ്ങൾ വിൽക്കാനാവില്ല. നിലവിൽ കടകളിലുള്ള ബി.ഐ.എസ് മുദ്ര‌യില്ലാത്ത സ്വർണാഭരണങ്ങൾ വിറ്റഴിക്കാനും ബി.ഐ.എസ് രജിസ്‌ട്രേഷൻ നേടാനും വിതരണക്കാർക്ക് നൽകിയതാണ് ഒരുവർഷത്തെ സാവകാശം.

 ഉപഭോക്താക്കളുടെ കൈവശമുള്ള, ബി.ഐ.എസ് മുദ്ര‌യില്ലാത്ത സ്വർണാഭരണങ്ങൾ വിൽക്കുന്നതിനും മാറ്റിവാങ്ങാനും തടസമില്ല. വിൽക്കുമ്പോൾ വിപണിവില തന്നെ ലഭിക്കും. ബാങ്കുകളിൽ പണയം വയ്ക്കാനും തടസമില്ല.

 14 കാരറ്ര്, 18 കാരറ്ര്, 22 കാരറ്ര് സ്വർണാഭരണങ്ങൾക്കാണ് ബി.ഐ.എസ് ഹാൾമാർക്കിംഗ് ലഭിക്കുക. മറ്ര് കാരറ്ര് സ്വർണാഭരണങ്ങൾ ഇനി വിൽക്കാനാവില്ല.

''സ്വർണത്തിന് ഹാൾമാർക്കിംഗ് നിർബന്ധമാക്കിയതോടെ, ഉപഭോക്താക്കളെ സംശയത്തിലാക്കുന്ന വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ഉപഭോക്താക്കളുടെ കൈവശമുള്ള ഏത് കാരറ്ര് സ്വർണവും വിൽക്കാനും മാറ്രിവാങ്ങാനും തടസമില്ല. ഉദാഹരണത്തിന്, വിദേശങ്ങളിലെ 21 കാരറ്ര് സ്വർണാഭരണം കൊണ്ടുവന്ന് ഉപയോഗിക്കാനും മാറ്റിവാങ്ങാനും വിൽക്കാനും തടസമില്ല"

എസ്. അബ്‌ദുൽ നാസർ,

ട്രഷറർ, എ.കെ.ജി.എസ്.എം.എ