ഇതിലൊരാൾ ഭാവിയിൽ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ആവും; കാരണം വ്യക്തമാക്കി സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രത്തെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി രംഗത്ത്. നഗ്നരായ രണ്ടുകുട്ടികളുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചാണ് സ്വാമി പരിഹസിച്ചത്. സ്വന്തം പൗരത്വം മൂടിവച്ച് അന്യന്റെ പൗരത്വം അന്വേഷിക്കുന്ന ഇതിലൊരാൾ ഭാവിയിൽ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ കുറഞ്ഞ പക്ഷം ഗവർണറോ ആകുമെന്നും സന്ദീപാനന്ദ ഗിരി ഫേസേബുക്കിൽ കുറിച്ചു.
അതേസമയം സംസ്ഥാന സർക്കാരിനെ നിഷേധിക്കുന്ന ഗവർണറുടെ സമീപനം ശരിയല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. സംസ്ഥാന സർക്കാരിനെ പിരിച്ച് വിടുമെന്ന ഭയമില്ല. സി.പി.എമ്മിന്റെ സൗജന്യത്തിലല്ല സി.പി.ഐ മന്ത്രിമാർ കാബിനറ്റിൽ ഇരിക്കുന്നത്. യു.എ.പി.എ അടക്കമുള്ള വിഷയങ്ങളിൽ മുമ്പെടുത്ത നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടനാ സ്ഥാപനത്തിന്റെ അധിപൻ എന്ന നിലയിൽ വാചകങ്ങളിൽ മിതത്വം പാലിക്കാൻ ഗവർണർ ശ്രദ്ധിക്കേണ്ടതാണ്. അതിനപ്പുറത്തുള്ള പ്രതികരണങ്ങൾ രാഷ്ട്രീയമായി മാത്രമേ സി.പി.ഐയ്ക്ക് കാണാൻ സാധിക്കൂ. ഒരു പ്രത്യേക അജണ്ട നടപ്പാക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെത്തിയിരിക്കുന്നത് എന്ന് തെളിവുകളില്ലാതെ പറയുന്നത് അപക്വമാണ്. കോടതിയിൽ ഏത് പൗരനും ഹർജി ഫയൽ ചെയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതു തന്നെയാണ് സർക്കാരും ചെയ്തത്. സർക്കാർ നടപടിയെ ഗവർണർ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. സർക്കാരിനെ നിഷേധിക്കുന്ന ഗവർണറുടെ സമീപനം ശരിയല്ലെന്നും കാനം പറഞ്ഞു.