അദ്ധ്യാപികയുടെ മൃതദേഹം കടപ്പുറത്ത്; അദ്ധ്യാപകൻ കസ്റ്റഡിയിൽ
കാസർകോട് : ദുരൂഹ സാഹചര്യത്തിൽ കാണാതായ അദ്ധ്യാപികയുടെ മൃതദേഹം കുമ്പള പെർവാഡ് കടപ്പുറത്ത് ഇന്നലെ കണ്ടെത്തി. മറ്റൊരു സ്കൂളിലെ അദ്ധ്യാപകനെ സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് എസ്. ഐ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്. മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മിയാപദവ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയും ചികുർപാദയിലെ പരേതനായ കൃഷ്ണന്റെയും ലീലാവതിയുടെയും മകൾ രൂപയുടെ (40) മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പോയതായിരുന്നു. രാത്രിയും തിരിച്ചെത്തിയില്ല. തുടർന്ന് ഭർത്താവ് ചന്ദ്രൻ മഞ്ചേശ്വരം പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടന്നു വരികയായിരുന്നു.
രൂപ വ്യാഴാഴ്ച ഉച്ചയോടെ മകൾ പഠിക്കുന്ന സ്‌കൂളിലെത്തി ഫീസ് അടച്ചിരുന്നു. പിന്നീട് മഞ്ചേശ്വരത്തെ ഒരു വിവാഹ ചടങ്ങിലും പങ്കെടുത്തു. രൂപയുടെ സ്‌കൂട്ടർ ദുർഗിപ്പള്ളയിൽ കണ്ടെത്തിയിരുന്നു. മക്കൾ: കൃതിക്, കൃപ.
അദ്ധ്യാപകന്റെ ശല്യം
അദ്ധ്യാപകൻ നിരന്തരം ശല്യം ചെയ്യുകയാണെന്നും മരിച്ചാൽ ഉത്തരവാദി അയാളായിരിക്കുമെന്നും രൂപ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്രെ. ഇത് ശ്രദ്ധയിൽ പെടുത്തിയോടെയാണ് പൊലീസ് ഇയാളെ ചോദ്യം ചെയ്തത്. കൂടുതൽ അന്വേഷണം നടന്നുവരുന്നു.