എന്നെ തിരഞ്ഞെടുത്തത് ജനങ്ങൾ: വെള്ളാപ്പള്ളി

Sunday 19 January 2020 12:41 AM IST

തൃശൂർ: കോടതി നിർദ്ദേശിച്ച കമ്മിഷനും ജനങ്ങളും ചേർന്നാണ് തന്നെ തിരഞ്ഞെടുത്തതെന്നും അത് വിമർശനം ഉന്നയിക്കുന്നവർ തിരിച്ചറിയണമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഗുരുദേവൻ രചിച്ച കുണ്ഡലിനിപ്പാട്ടിന്റെ മോഹിനിയാട്ട നൃത്താവിഷ്കാരം 'ഏകാത്മകം മെഗാ ഇവന്റിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമർശനം ഉന്നയിക്കുന്നവർ ആദ്യം ജനകീയ കോടതിയിൽ വരട്ടെ. ഈ സംഘടന എവിടെ നിൽക്കുന്നുവെന്നതിന്റെ തെളിവാണ് ഈ വലിയ നൃത്താവിഷ്കാരം. പ്രസ് മീറ്റ് നടത്തിയവർ ജനിച്ച് മരിച്ചു കഴിഞ്ഞു. പത്രസമ്മേളനം നടത്തുന്നയാൾ പൊലീസ് സ്റ്റേഷനിൽ കാര്യങ്ങൾ നിയന്ത്രിക്കുന്ന രീതിയിലാണ് പത്രപ്രവർത്തകരോട് പെരുമാറിയത്. ഇത് ശരിയാണോ എന്ന് അവർ ചിന്തിക്കട്ടെ. മദ്യപിച്ചിട്ടുണ്ടോ എന്നെല്ലാമാണ് പത്രപ്രവർത്തകരോട് നാളത്തെ നേതാവാകാൻ ശ്രമിക്കുന്നയാൾ ചോദിക്കുന്നത്. വലിയൊരു കൂട്ടായ്മയുടെ വിജയമാണ് കുണ്ഡലിനിപ്പാട്ടിന്റെ നൃത്താവിഷ്കാരത്തിലൂടെ കണ്ടത്. അതിനായി ജാതി മതഭേദമെന്യേ ജനങ്ങൾ ഒന്നിച്ചു. കുറ്റമറ്റ രീതിയിൽ ഇത് ഒരുക്കാനായത് വിവിധ സമുദായങ്ങളിലുള്ള കുട്ടികളുടെ സഹകരണം കൊണ്ടു കൂടിയാണ്. ശിവഗിരി ധർമ്മസംഘവും എസ്.എൻ.ഡി.പി യോഗവും ഒന്നിച്ചതിന്റെ പ്രതിഫലനം കൂടിയാണിത്. ശ്രീ ശ്രീ രവിശങ്കറും സ്വാമി വിശുദ്ധാനന്ദയും കേന്ദ്രമന്ത്രി വി. മുരളീധരനും മന്ത്രിമാരായ വി.എസ്. സുനിൽകുമാറും സി. രവീന്ദ്രനാഥുമെല്ലാം ഈ മഹാസംരംഭത്തിന് ഒപ്പമുണ്ടായി. നൃത്താവതരണത്തിന് നേതൃത്വം നൽകിയ കലാമണ്ഡലം ഡോ. ധനുഷ സന്യാൽ, എസ്.എൻ.ഡി.പി യോഗം കൗൺസിലർമാർ, കേന്ദ്ര വനിതാ സംഘം നേതാക്കൾ എന്നിവർ ഏറെ അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.