കുറയ്ക്കുമോ പൊന്നേ ഇറക്കുമതി ചുങ്കം!

Monday 20 January 2020 6:12 AM IST

കൊച്ചി: സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം ഇക്കുറി കേന്ദ്ര ബഡ്‌ജറ്രിൽ കുറയ്ക്കുമോയെന്ന് ഉറ്റുനോക്കുകയാണ് വ്യാപാരികളും ഉപഭോക്താക്കളും. കഴിഞ്ഞ ബഡ്‌ജറ്രിന് മുമ്പായി ചുങ്കം വെട്ടിക്കുറയ്ക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കൂട്ടുകയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ചെയ്‌തത്. പത്തു ശതമാനമായിരുന്ന നികുതി, 12.5 ശതമാനമാക്കി നിർമ്മല.

കുറയ്ക്കുമെന്ന് പ്രതീക്ഷിച്ച ചുങ്കം, അപ്രതീക്ഷിതമായി കൂട്ടിയത് സ്വർണാഭരണ വിപണിയെ തന്നെ ബാധിച്ചു. വില്‌പന മന്ദഗതിയിലായി. കള്ളക്കടത്തും കൂടി. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ-നവംബർ കാലയളവിൽ നിയമാനുസൃതമായ സ്വർണം ഇറക്കുമതി ഏഴ് ശതമാനം കുറഞ്ഞ് 2,057 കോടി ഡോളറാണ്. 2018-19ലെ സമാന കാലയളവിൽ 2,216 കോടി ഡോളറിന്റെ സ്വർണം ഇറക്കുമതി ചെയ്യപ്പെട്ടിരുന്നു. അതേസമയം, നടപ്പുവർഷം ഡിസംബർ‌ വരെ 490 കോടി രൂപ വിലമതിക്കുന്ന 1,390 കിലോഗ്രാം കള്ളക്കടത്ത് സ്വർണം ഡയറക്‌ടറേറ്ര് ഒഫ് റെവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ, പിടിക്കപ്പെടാത്ത കള്ളക്കടത്ത് സ്വർണത്തിന്റെ അളവ് ടൺകണക്കിന് ആയിരിക്കുമെന്നാണ് വ്യാപാരികളുടെ പക്ഷം. 2018ൽ മാത്രം 37,000 കോടി രൂപ മതിക്കുന്ന 110 ടൺ കള്ളക്കടത്ത് സ്വർണം ഇന്ത്യയിൽ എത്തിയിട്ടുണ്ടാകാമെന്ന് വേൾഡ് ഗോൾഡ് കൗൺസിലും വ്യക്തമാക്കിയിട്ടുണ്ട്. ഇറക്കുമതി ചുങ്കം കുറച്ചാൽ, നേരായ മാർഗമുള്ള ഇറക്കുമതി കൂടുമെന്നും ഇത് സർക്കാരിന് നേട്ടമാകുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. കള്ളക്കടത്ത് കുറയുകയും ചെയ്യും.

12.5%

നിലവിൽ സ്വർണത്തിന് ഇറക്കുമതി ചുങ്കം 12.5 ശതമാനം. കഴിഞ്ഞ ബഡ്‌ജറ്രിലാണ് 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനമാക്കിയത്. ചുങ്കം അഞ്ച് ശതമാനമോ അതിൽ താഴെയോ ആയി കുറയ്ക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. വാണിജ്യ മന്ത്രാലയവും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

കുറയ്ക്കണം

ജി.എസ്.ടി

നിലവിൽ സ്വർണത്തിന് മൂന്ന് ശതമാനം ജി.എസ്.ടിയുണ്ട്. ഇത്, ഒരു ശതമാനമാക്കണം എന്ന ആവശ്യവും ശക്തമാണ്.

കുറഞ്ഞു, കറന്റ്

അക്കൗണ്ട് കമ്മി

വിദേശ നാണയ വരുമാനവും ചെലവും തമ്മിലെ അന്തരമായ കറന്റ് അക്കൗണ്ട് കമ്മി താഴാൻ സ്വർണ ഇറക്കുമതിക്കുറവ് സഹായിച്ചിട്ടുണ്ട്. നടപ്പുവർഷം ഏപ്രിൽ-നവംബറിൽ ഇത് 10,684 കോടി ഡോളറാണ്. 2018ലെ സമാനപാദത്തിൽ 13,374 കോടി ഡോളറായിരുന്നു.