കണ്ണൂരിൽ ആയുധങ്ങളുമായി മാവോയിസ്റ്റ് പ്രകടനം

Tuesday 21 January 2020 12:58 AM IST

അമ്പായത്തോട് (കണ്ണൂർ): അട്ടപ്പാടിയിലെ പൊലീസ് വെടിവെയ്‌പിൽ പ്രതിഷേധിച്ച് കൊട്ടിയൂർ അമ്പായത്തോട്ടിൽ ആയുധധാരികളായ നാലംഗ മാവോയിസ്റ്റുകൾ പ്രകടനം നടത്തി. സ്ത്രീയും മൂന്നു പുരുഷന്മാരുമടങ്ങുന്ന സംഘം ഇന്നലെ രാവിലെ ആറിനാണ് പ്രകടനം നടത്തിയത്. തുടർന്ന് ലഘുലേഖകൾ വിതരണം ചെയ്യുകയും പോസ്റ്ററുകളൊട്ടിക്കുകയും ചെയ്‌തു. മൂന്നു പേരുടെ കൈയിൽ തോക്കുണ്ടായിരുന്നു.

മാവോയിസ്റ്റുകാരാണെന്ന് പരിചയപ്പെടുത്തിയ ശേഷമാണ് കോട്ടയത്ത് നിന്നെത്തിയ സ്വകാര്യ ബസിലെയും അമ്പായത്തോട് നിന്നുള്ള മറ്റൊരു ബസിലെയും ജീവനക്കാർക്ക് ലഘുലേഖകൾ നൽകിയത്. സംഘം അമ്പായത്തോട് പരിസരത്ത് അരമണിക്കൂറുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ വഴിയിലൂടെയാണ് സംഘം ടൗണിലെത്തിയത്. തിരിച്ചും അതുവഴിയാണ് പോയത്.

31ന് നടത്തുന്ന ഭാരത് ബന്ത് വിജയിപ്പിക്കുക, അട്ടപ്പാടിയിൽ ചിന്തിയ രക്തത്തിന് പകരം വീട്ടുക, ഓപ്പറേഷൻ സമാധാൻ ജനങ്ങൾക്കെതിരായ യുദ്ധം പരാജയപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററിലും ലഘുലേഖയിലും ഉണ്ടായിരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പോസ്റ്ററിൽ പരാമർശമുണ്ട്. കേളകം പൊലീസും തണ്ടർബോൾട്ടും പ്രദേശത്ത് തെരച്ചിൽ തുടങ്ങി.