എ.എസ്.ഐ വിൽസൺ വധം: കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

Tuesday 21 January 2020 1:36 AM IST

കുഴിത്തുറ: കളിയിക്കാവിളയിൽ എ.എസ്.ഐ വിൽസണെ വെടിവച്ചുകൊന്ന കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് നാഗർകോവിൽ കോടതി പരിഗണിക്കും. കേസിലെ മുഖ്യപ്രതികളായ അബ്ദുൾ ഷമീം, തൗഫിക് എന്നിവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി.

പ്രതികളുടെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്നും തുടരന്വേഷണത്തിനായി പ്രതികളെ 28 ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. പ്രതികൾ കുറ്റം സമ്മതിച്ചതായും തെളിവുശേഖരണം ഉൾപ്പെടെ പൂർത്തിയാക്കണമെന്നും അഭിഭാഷകൻ പറഞ്ഞു. പ്രതികളുടെ ജീവന് ഭീഷണിയുണ്ടെന്നും അതിനാൽ കസ്റ്റഡി അനുവദിക്കരുതെന്നും പ്രതികളുടെ അഭിഭാഷകർ വാദിച്ചു. യു.എ. പി.എ ചുമത്തിയതിൽ അസ്വഭാവികതയുണ്ടെന്നും പ്രതിഭാഗം വാദിച്ചു. മധുരയിൽ നിന്നുള്ള അഭിഭാഷകരാണ് പ്രതികൾക്കുവേണ്ടി ഹാജരായത്.

തുടർന്നാണ് കസ്റ്റഡി അപേക്ഷ ഇന്ന് വൈകിട്ട് മൂന്നിന് പരിഗണിക്കാൻ തീരുമാനിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 12:20നാണ് നാഗർകോവിൽ പ്രിൻസിപ്പൽ ജില്ലാ കോടതിയിൽ പ്രതികളെ ഹാജരാക്കിയത്. റിമാൻഡ് ചെയ്തപ്പോൾ കുഴിത്തുറ കോടതിയിൽ ഹാജരാക്കാനാണ് നിർദ്ദേശിച്ചതെങ്കിലും പ്രതികൾക്കുനേരെ യു.എ.പി.എ ചുമത്തിയതിനാലാണ് നാഗർകോവിൽ ജില്ലാ കോടതിയിൽ ഹാജരാക്കിയത്. അബ്ദുൾ ഷമീമിനെയും തൗഫീഖിനെയും കനത്ത സുരക്ഷയിലാണ് കോടതിയിലെത്തിച്ചത്. കേസ് ഇന്നത്തേക്ക് മാറ്റിയതോടെ പ്രതികളെ വീണ്ടും തിരുനെൽവേലി പാളയംകോട്ട ജയിലിലേക്ക് മാറ്റി.