പറഞ്ഞതൊന്നും ഭാവനാ സൃഷ്‌ടിയല്ല, മാപ്പും പറയില്ല, നിലപാടിലുറച്ച് രജനീകാന്ത്

Tuesday 21 January 2020 1:17 PM IST

ചെന്നൈ: പെരിയാർ വിവാദത്തിൽ മാപ്പ് പറയില്ലെന്ന് നടൻ രജനീകാന്ത് വ്യക്തമാക്കി. പെരിയാറിനെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ ഭാവനാ സൃഷ്ടിയല്ലെന്നും ഇതിന്റെ പേരിൽ മാപ്പു പറയാൻ തയ്യാറല്ലെന്നുമാണ് രജനീകാന്തിന്റെ നിലപാട്. അന്ധവിശ്വാസങ്ങൾക്ക് എതിരായ പോരാട്ടങ്ങളുടെ ഭാഗമായി, ശ്രീരാമന്റെയും സീതയുടെയും നഗ്നചിത്രങ്ങളിൽ ചെരുപ്പ് മാല അണിയിച്ച് 1971 ൽ പെരിയാർ ഇ.വി രാമസ്വാമി സേലത്ത് റാലി നടത്തിയെന്നായിരുന്നു രജനീകാന്തിന്റെ പ്രസ്താവന. വിവാദ പ്രസ്താവനയ്ക്കെതിരെ രജനീകാന്ത് മാപ്പുപറയണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

പെരിയാർ വിഷയത്തിൽ തെറ്റായ ഒരു പരാമർശവും താൻ നടത്തിയിട്ടില്ല. യഥാ‌ർത്ഥത്തിൽ സംഭവിച്ച കാര്യങ്ങൾ മാത്രമാണ് താൻ പ്രസംഗത്തിൽ പറഞ്ഞതെന്നും രജനീകാന്ത് പറഞ്ഞു. ഇതിന്റെ പേരിൽ ആരോടും മാപ്പ് പറയാനോ ഖേദം പ്രകടിപ്പിയ്ക്കാനോ തയ്യാറല്ലെന്നും രജനീകാന്ത് കൂട്ടിച്ചേർത്തു. പെരിയാർ വിഷയത്തിൽ തന്റെ പ്രസ്താവനയെ സാധൂകരിക്കുന്നതിനാവശ്യമായ പത്രകുറിപ്പുകളും, റിപ്പോർട്ടുകളും സഹിതമാണ് അദ്ദേഹം മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയത്.

രജനീകാന്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മധുരയിൽ പ്രതിഷേധക്കാർ താരത്തിന്റെ കോലം കത്തിച്ചിരുന്നു. ദ്രാവിഡ വിടുതലൈ കഴകം (ഡി.വി.കെ) എന്ന പാർട്ടിയാണ് ആദ്യം പ്രതിഷേധമുയർത്തിയത്. താരത്തിനെതിരെ പൊലീസിൽ പരാതി നൽകിയ ഇവർ രജനീകാന്ത് മാപ്പു പറയണമെന്നും ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട് ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.