ശിഖർ ധവാന് പരിക്ക്; സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ
ന്യൂഡൽഹി: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ന്യൂസിലാൻഡിനെതിരെയുള്ള ടി 20 ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ പൃഥ്വി ഷായെ ഉൾപ്പെടുത്തിയിട്ടുണ്ട്. ശിഖർ ധവാന് പരിക്കേറ്റതിനെ തുടർന്നാണ് സഞ്ജുവിനെ ടീമിലെടുത്തത്.
നേരത്തെ ബംഗ്ലാദേശിനും വെസ്റ്റ് ഇൻഡീസിനും ശ്രീലങ്കക്കും എതിരായ പരമ്പരകളില്‍ സഞ്ജു ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. എന്നാല്‍ ശ്രീലങ്കക്കെതിരായ അവസാന ടി20യിൽ മാത്രമാണ് സഞ്ജുവിന് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചത്. രോഹിത് ശർമ തിരിച്ചെത്തിയതോടെ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിൽ നിന്ന് സഞ്ജുവിനെ സെലക്ടര്‍മാര്‍ ഒഴിവാക്കുകയായിരുന്നു.
ആസ്ട്രേലിയക്കിതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡിംഗിനിടെയാണ് ശിഖർ ധവാൻ വീണ് തോളിന് പരിക്കേറ്റത്. എം.ആർ.ഐ സ്കാനിംഗിൽ ധവാന് ഗ്രേഡ് -2 പരിക്കാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.