ഇനി വ്യവസായം തുടങ്ങാം, സുഗമമായി

Wednesday 22 January 2020 5:40 AM IST

തിരുവനന്തപുരം: പത്തു കോടി രൂപവരെ നിക്ഷേപമുള്ള വ്യവസായം തുടങ്ങാൻ മുൻകൂർ അനുമതി വേണ്ടെന്ന പുതിയ നിയമപ്രകാരമുള്ള നടപടികൾ ഉൾപ്പെടുത്തി നിക്ഷേപ അനുമതിക്കുള്ള ഓൺലൈൻ ഏകജാലക സംവിധാനമായ കെ-സ്വിഫ്‌റ്റ് പരിഷ്‌കരിച്ചു. മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.

10 കോടി രൂപ വരെ മുതൽമുടക്കുള്ള സംരംഭം തുടങ്ങാൻ മൂന്ന് വർഷത്തേക്ക് ഒരനുമതിയും വേണ്ട എന്നതാണ് കേരള സൂക്ഷ്മ ഇടത്തര ചെറുകിട സംരംഭങ്ങൾ സുഗമമാക്കൽ ആക്ട് 2019 എന്ന പുതിയ നിയമത്തിന്റെ പ്രത്യേകത. സംരംഭം തുടങ്ങാൻ നോഡൽ ഏജൻസിയായ ജില്ലാ ബോർഡിൽ സ്വയം സാക്ഷ്യപത്രം നൽകണം. ബോർഡ് ഒരു കൈപ്പറ്റ് രസീത് നൽകും. ഇതു കിട്ടിയാൽ സംരംഭം തുടങ്ങാം.

ഇനി മുതൽ കെ-സ്വിഫ്‌റ്റിലൂടെ സ്വയം സാക്ഷ്യപത്രം സമർപ്പിക്കാം. കെ-സ്വിഫ്‌റ്റിൽ നിന്നുതന്നെ രസീതും ഡൗൺലോഡ് ചെയ്യാം. ഇതിന് മൂന്നുവർഷം പ്രാബല്യമുണ്ടാകും. കാലാവധി അവസാനിച്ച്, ആറ് മാസത്തിനുള്ളിൽ ആവശ്യമായ അനുമതികൾ വാങ്ങിയാൽ മതി. അതും കെ-സ്വിഫ്റ്റിലൂടെ വാങ്ങാം.