യു.എ.പി.എ കേസ്സിലും കോൺഗ്രസിന് മുതലെടുപ്പ് രാഷ്‌ട്രീയം:കെ.സുരേന്ദ്രൻ

Wednesday 22 January 2020 12:00 AM IST
k surendran

കോഴിക്കോട്: യു.എ.പി.എ കേസ്സിൽ ജയിലിൽ കഴിയുന്ന സി.പി.എമ്മുകാരായ അലന്റെയും താഹയുടെയും വീട് സന്ദർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ വിഷയം സാമുദായികവത്കരിച്ച് രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു.

ഭീകരവാദവുമായി ബന്ധപ്പെട്ട കേസ്സാണെന്ന് സംസ്ഥാന സർക്കാർ തന്നെ വ്യക്തമാക്കിയതാണ്. പ്രഥമദൃഷ്ട്യാ കുറ്റം നില നിൽക്കുന്നതാണെന്ന് ജാമ്യാപേക്ഷയിൽ കോടതി നിരീക്ഷിച്ചതുമാണ്. ഭീകരപ്രവർത്തനം നടത്തുന്നവരെ വെള്ള പൂശുന്ന നിലപാടാണ് കോൺഗ്രസിന്റേത്.
ദിവസങ്ങൾക്കു മുമ്പാണ് കളിയിക്കാവിളയിൽ പൊലീസ് ഉദ്യോഗസ്ഥൻ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. ആ വീട്ടിലേക്കേ് ഒന്നു തിരിഞ്ഞുനോക്കാൻ ചെന്നിത്തലയോ മറ്റു കോൺഗ്രസ് നേതാക്കളോ തയ്യാറായിട്ടില്ല. പ്രതികളെ പിടിച്ചത് കേരളത്തിൽ നിന്നാണ്. ഈ വിഷയത്തിൽ ഒരു അഭിപ്രായവും കോൺഗ്രസോ യു.ഡി.എഫോ പറഞ്ഞിട്ടില്ല. സംസ്ഥാന സർക്കാരിന് ഉത്തമബോദ്ധ്യമുള്ളതുകൊണ്ടാണ് സി.പി.എം പ്രവർത്തകരായിട്ടും പൊലീസ് യു.എ.പി.എ ചുമത്തിയതും എൻ.ഐ.എക്ക് വിട്ടതും. മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട തീവ്രവാദകേസ്, മുസ്ലീം തീവ്രവാദവുമായി ബന്ധപ്പെട്ടതാണെന്ന് സി.പി.എം നേതാക്കൾ തന്നെ പറയുന്ന ഈ കേസിൽ ഇപ്പോൾ കോൺഗ്രസ് രംഗത്തിറങ്ങിയിരിക്കുന്നത് സംസ്ഥാനത്ത് വർഗീയ ധ്രുവീകരണമുണ്ടാക്കാനാണ്.

ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് പി.രഘുനാഥ്, സംസ്ഥാന സമിതി അംഗം അഡ്വ.വി.പി. ശ്രീപത്മനാഭൻ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.